സാന്തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം 14ന്
1574908
Friday, July 11, 2025 10:51 PM IST
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരക പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം 14ന് നടക്കുമെന്ന് ബിഷപ്സ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലാണ് സാന്തോം ഫുഡ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയായ ഫാക്ടറിക്കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മം 14ന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ സഹകാര്‍മികരാകും.
മന്ത്രിമാരായ വി.എന്‍. വാസവനും
പി. പ്രസാദും പങ്കെടുക്കും
ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും ഫാക്ടറിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും നിര്‍വഹിക്കും. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ സ്മരണാര്‍ഥം 75 മാതൃകാ കര്‍ഷകരെ സമ്മേളനത്തില്‍ ആദരിക്കും.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് പദ്ധതി വിശദീകരിക്കും. എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാണ്ടി ഉമ്മന്‍ എന്നിവരും പി.സി. ജോര്‍ജ്, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്ടര്‍ എസ്. രാജേഷ്കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മാനേജിംഗ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്. രാജേഷ്, ആത്മാ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയക്ടര്‍ ലെന്‍സി തോമസ്, കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ്, സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് സിബി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
വാര്‍ഷിക പൊതുയോഗം
പാലാ സാന്തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം രാവിലെ 11ന് ആരംഭിക്കും. ചെയര്മാന് സിബി മാത്യു അധ്യക്ഷത വഹിക്കും. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ബോര്‍ഡംഗം ജോയി മടിക്കാങ്കല്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കദളിക്കാട്ടില്‍, ക്ലാരീസ് ചെറിയാന്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.വി. ജോര്‍ജ് പുരയിടം, ഷീബാ ബെന്നി എന്നിവര്‍ പ്രസംഗിക്കും.
1.30ന് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച കര്‍ഷകസംവാദം നടക്കും. സ്റ്റീല്‍ ഇന്ത്യ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സംവാദം ഉദ്ഘാടനം ചെയ്യും.
ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍ മോഡറേറ്ററാകും. വിവിധ കര്‍ഷക കമ്പനി സാരഥികളും വിദഗ്ധരും പ്രസംഗിക്കും. പിഎസ്ഡബ്ല്യുസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ സ്വാഗതവും എഫ്പിഒ ഡിവിഷന് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ നന്ദിയും പറയും. കര്‍ഷകകൂട്ടായ്മകള്‍ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
പാലാ ബിഷപ്സ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, സിബി മാത്യു കണിയാംപടി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഡാന്റീസ് കൂനാനിക്കല്‍, പി.വി. ജോര്‍ജ് പുരയിടം, സപ്ലിമെന്റ് കമ്മിറ്റി കണ്‍വീനര്‍ ടോണി സണ്ണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.