പരിസ്ഥിതി സംരക്ഷണ മേഖലയിലെ പുതു മാതൃകകള്‍ക്കുള്ള അംഗീകാരം
1574918
Saturday, July 12, 2025 12:10 AM IST
കോട്ടയം: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ സൃഷ്ടിച്ച പുതു മാതൃകകള്‍ക്കുള്ള അംഗീകാരമാണ് എംജി യൂണിവേഴ്സിറ്റിക്ക് ലഭിച്ച ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ്. സര്‍ക്കാര്‍, സഹകരണ, പൊതുമേഖലകളിലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനമായാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എംജി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുത്തത്.
വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ തണല്‍വിരിക്കുന്ന കാമ്പസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് പ്രവര്‍ത്തിക്കുന്നത്. ജൈവ മാലിന്യങ്ങളും വൃക്ഷങ്ങളുടെ കരിയിലകളും വരെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നിര്‍മലം എംജിയു ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന ബയോഗ്യാസ് പ്ലാന്റുകളും സൗരോര്‍ജ യൂണിറ്റുകളും കാമ്പസിനെ വേറിട്ടുനിര്‍ത്തുന്നു.
ജീവക ലൈവ് ലാബോറട്ടറി എന്ന പേരില്‍ 2008 മുതല്‍ 12 ഏക്കര്‍ സ്ഥലം സംരക്ഷിത മേഖലയായി നിലനിര്‍ത്തിയിട്ടുണ്ട്. ഓര്‍ഗാനിക് ഫാം, ഔഷധ സസ്യോദ്യാനം, മിയാവാക്കി വനം, പഴവര്‍ഗങ്ങളുടെ ഉദ്യാനം, ഭൂമിമിത്ര ക്ലബ്, പരിസ്ഥിതി ശാസ്ത്ര വിദ്യാര്‍ഥികളുടെ ക്ലബ്, വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും കാമ്പസിലെ മരങ്ങളെ അടുത്തറിയുന്നതിനുപകരിക്കുന്ന ക്യുആര്‍ കോഡ് സംവിധാനം തുടങ്ങിയവയും ഇവിടെയുണ്ട്.
ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും പങ്കുചേരുന്നു. അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ ജൈവവൈവിധ്യ നയരൂപീകരണ പ്രവര്‍ത്തനങ്ങളിലെയും പ്രളയാനന്തര ദുരന്തനിവാരണ പഠനങ്ങളിലെയും പങ്കാളിത്തം, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്കാര നേട്ടത്തിന് സഹായകമായി.