അമോണിയ പ്ലാന്റ്: അനുമതിക്കായി അപേക്ഷയെത്തിയത് ഓൺലൈനിൽ
1574957
Saturday, July 12, 2025 12:11 AM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ പത്തനംതിട്ട സ്വദേശിയുടെ മലനാട് അമോണിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്ലാന്റിന് അനുമതിക്കായി അപേക്ഷയെത്തിയത് സർക്കാരിന്റെ ഓൺലൈൻ സംവിധാനമായ കെ-സ്വിഫ്റ്റിലൂടെ. ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ അമോണിയ പ്ലാന്റിനായി സ്വകാര്യകമ്പനി വാങ്ങിയത് ഒന്നേകാൽ ഏക്കർ (0.5070 ഹെക്ടർ) സ്ഥലമാണെന്ന് അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.
സ്ഥലം വാങ്ങിയതിനും കെട്ടിടം പണിയുന്നതിനും മെഷീനറിക്കുമായി കണക്കിൽ കാണിച്ചിരിക്കുന്നത് ഒന്നരക്കോടി രൂപ. അപേക്ഷയിൽ ഒക്യൂപ്പൻസി എന്ന കോളത്തിൽ പ്ലാന്റ് അപകടകരം എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജനവികാരം ഉൾക്കൊണ്ടില്ലെങ്കിൽ പ്ലാന്റിനെതിരേ ശക്തമായ സമരമുണ്ടാവുമെന്ന് എലിക്കുളം മേഖല പൗരസമിതി പ്രസിഡന്റ് ജിമ്മിച്ചൻ മണ്ഡപത്തിൽ പറഞ്ഞു. പടിഞ്ഞാറ്റുമലയിൽ അമോണിയം പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയാൽ കുടിവെള്ളസ്രോതസുകൾ നശിക്കുമെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു തെക്കേക്കുറ്റ് പറഞ്ഞു.