വേമ്പനാട്ടുകായലിനു ചുറ്റും ജൈവവേലി നിർമിക്കണം പി.ജെ. ജോസഫ്
1574916
Saturday, July 12, 2025 12:10 AM IST
വൈക്കം: വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജൈവവേലി നിർമിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. വേമ്പനാട്ട് കായൽ സംരക്ഷണ സംഗമ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കായലിലും നദികളിലും അടിഞ്ഞുകൂടുന്ന ചെളിയും മണലും മാലിന്യങ്ങളും മൂലം കായലിന്റെ ജല സംഭരണശേഷി പ ത്തിലൊന്നായി കുറഞ്ഞു. ഇത് വെള്ളപ്പൊക്കത്തിനും വ്യാപകമായ കൃഷിനാശത്തിനും കാരണമാകുകയാണ്. കായലിൽനിന്നു വാരുന്ന ചെളിയും മണലും ഉപയോഗിച്ച് ബണ്ട് നിർമിച്ച് വെള്ളപ്പൊക്കത്തിന് പരിഹാരം ഉണ്ടാക്കണം. 98 കിലോമീറ്റർ നീളമുള്ള വേമ്പനാട്ട് കായലിൽ ആറു നദികൾ സംഗമിക്കുന്നു.
ഈ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ ഫലപ്രദമായി വിനിയോഗിച്ച് നെൽകൃഷിക്കും മത്സ്യകൃഷിക്കും ഉപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിലെ കനാലുകൾ തടാകങ്ങൾ ആക്കി മാറ്റിയാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാകും. വേമ്പനാട്ടുകായലിൽ എത്തുന്ന കാർബൺ ശേഖരം കൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ രൂപം നൽകി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.
സെമിനാറിൽ കാർഷിക വികസന കേന്ദ്രം മുൻ ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ വിഷയാവതരണം നടത്തി.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ്ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻമാരായ ഇ.ജെ. ആഗസ്തി, കെ.എഫ്. വർഗീസ്, സീനിയർ സെക്രട്ടറിമാരായ മാഞ്ഞൂർ മോഹൻകുമാർ, ജോണി അരീക്കാട്ടില്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ പോൾസൺ ജോസഫ്, സ്റ്റീഫൻ പാറാവേലി, പ്രിൻസ് ലൂക്കോസ്, തോമസ് ഉഴുന്നാലി, ബിനുചെങ്ങളം, ജോർജ് പുളിങ്കാട്ട്, സാബു ഒഴുങ്ങാലി, ജെയിംസ് മാത്യുതെക്കൻ, ജോർജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ജോസഫ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.