എലിപ്പനി പടരുന്നു ; ജാഗ്രത പാലിക്കുക, മുന്‍കരുതലുകള്‍ സ്വീകരിക്കുക
1574914
Saturday, July 12, 2025 12:10 AM IST
കോട്ടയം: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കനത്ത ജാഗ്രതയുമായി ആരോഗ്യവകുപ്പ്. എലിപ്പനി ബാധിച്ചു മരണപ്പെടുന്നവരുടെ എണ്ണവും രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതലുമായി രംഗത്തെത്തിയത്. ജില്ലയില്‍ എലിപ്പനി കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വെള്ളംകയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും മീന്‍ പിടിക്കാനിറങ്ങുന്നവര് തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരേയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം.
ഗുളിക കഴിക്കുമ്പോള്‍
മലിനജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 എംജി ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടര്‍ന്നും ചെയ്യുന്നെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. വെറും വയറ്റില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കരുത്. ഭക്ഷണം കഴിച്ച ശേഷം മാത്രം ഗുളിക കഴിക്കാന്‍ ശ്രദ്ധിക്കണം. ഗുളിക കഴിക്കുന്നതോടൊപ്പം രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഗുളിക കഴിച്ചശേഷം ചിലര്‍ക്കുണ്ടാകുന്ന വയറെരിച്ചില്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഗുളിക കഴിച്ചശേഷം ഉടനേ കിടക്കരുത്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിക്കിറങ്ങുന്നതിനു തലേദിവസം ഭക്ഷണശേഷം ഗുളിക കഴിക്കണം.
പ്രതിരോധമാണ് പ്രധാനം
ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍, പാദം വിണ്ടുകീറിയവര്‍. ഏറെനേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്. ശരീരത്തില്‍ മുറിവുകള്‍ ഉള്ളവര്‍ അത് ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന ജോലികള്‍ ചെയ്യരുത്. ജോലിചെയ്യേണ്ട സാഹചര്യം വന്നാല്‍ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്സിസൈക്ലിനും കഴിക്കണം. വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ധരിക്കണം.
വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ച് മുന്‍ കരുതല്‍ എടുക്കുക. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവര്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടിവന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക ആഹാരവും കുടിവെള്ളവും എലി മൂത്രംകലര്‍ന്ന് മലിനമാകാതെ മൂടിവയ്ക്കുക.
കടുത്ത പനി, തലവേദന, ക്ഷീണം, ശരീര വേദന, കാല്‍വണ്ണയിലെ പേശികളില്‍ വേദന, കണ്ണിനു മഞ്ഞനിറം എന്നിവ ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു ചികിത്സതേടണം. മലിനജലവുമായി സമ്പര്‍ക്കം വന്നിട്ടുണ്ടെങ്കില്‍ ഡോക്ടറോട് പറയണം. ഇതോടെ നിര്‍ണയം കൂടുതല്‍ എളുപ്പമാകും. കുട്ടികളെ മലിനജലത്തില്‍ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.