തകർന്നടിഞ്ഞ് പെരുവന്താനം - അഴങ്ങാട് റോഡ്; തിരിഞ്ഞു നോക്കാതെ അധികൃതർ
1574655
Thursday, July 10, 2025 11:17 PM IST
പെരുവന്താനം: നൂറുകണക്കിന് മലയോര കുടുംബങ്ങൾ അധിവസിക്കുന്ന പെരുവന്താനം - ആനച്ചാരി - അഴങ്ങാട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ദേശീയപാതയിൽ പെരുവന്താനത്തുനിന്നു തുടങ്ങി ആനചാരിവഴി അഴങ്ങാടിനുള്ള റോഡാണിത്.
ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും മോശമായ റോഡുകളിലെന്നാണിതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ഒട്ടുമിക്ക ഭാഗവും ടാറിംഗ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
നൂറുകണക്കിന് ആളുകളും സ്കൂള്‍ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസും ഉള്‍പ്പെടെ കടന്നുപോകുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ഇവരാരും ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡിന്റെ പല ഭാഗങ്ങളിലും സംരക്ഷണഭിത്തി തകർന്ന നിലയിലാണ്. റോഡിന്റെ വശങ്ങളിൽ കല്ലും മണ്ണും കൂടിക്കിടക്കുന്നതും കാട് വളർന്നു നിൽക്കുന്നതും ഓടകളുടെ അഭാവവും മൂലം മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം കുത്തി ഒഴുകുകയാണ്. ഇത് റോഡിന്റെ തകർച്ച കാരണമാകുന്നുണ്ട്.
വിതി വളരെകുറവായ റോഡിലൂടെ ഒരു വാഹനത്തിന് മാത്രമാണ് കടന്നു പോകുവാൻ കഴിയുന്നത്.
ഇത് ഒട്ടുമിക്ക സ്ഥലങ്ങളിലും തകർന്നു കിടക്കുന്നതോടെ പ്രദേശത്തുകൂടിയുള്ള യാത്ര അതീവ ദുഷ്കരമാണ്.
പെരുവന്താനം - ആനച്ചാരി - അഴങ്ങാട് റോഡിന്റെ പലഭാഗങ്ങളിലും ആവശ്യത്തിനു കലുങ്കുകൾ ഇല്ലാത്തതുമൂലം മഴപെയ്യുമ്പോൾ റോഡിൽ വലിയ ജലപ്രവാഹമാണ് ഉണ്ടാകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ മഴക്കാലങ്ങളിൽ ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. മലയോര ജനതയുടെ ആശ്രയമായ ഈ റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ മേഖലയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.