പൈനാപ്പിൾ-ചോക്ലേറ്റുകള്‍ നിറഞ്ഞ് ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ അങ്കണം
1574389
Wednesday, July 9, 2025 7:39 AM IST
ചങ്ങനാശേരി: പൈനാപ്പിള്‍-ചോക്ലേറ്റ് ദിനാഘോഷം സംഘടിപ്പിച്ച് തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ ആൻഡ് ജൂണിയര്‍ കോളജ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടുകളില്‍ പാകംചെയ്തു കൊണ്ടുവന്ന ചോക്ലേറ്റ് പൈനാപ്പിള്‍ വിഭവങ്ങളുടെയും സ്വാദിഷ്ടങ്ങളായ പുഡിംഗുകളുടെയും പ്രദര്‍ശനം അവയുടെ മേന്മയും തനിമയും വിളമ്പി.
പൈനാപ്പിളിന്റെ ശാസ്ത്രീയ ഘടന സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിക്കാനും ഗുണഗണങ്ങള്‍ സ്ലൈഡ് ഷോയിലൂടെ കണ്ടറിയാനും പ്രത്യേക സജ്ജീകരണമുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രച്ഛന്ന വേഷ മത്സരം, ഫാഷന്‍ ഷോ, ബ്രസീലിയന്‍ നൃത്തം, വിവിധ രചനാ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.
സ്കൂള്‍ ചെയര്മാന് ഡോ. വര്‍ക്കി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രിജോ കെ. ഏബ്രഹാം, ട്രഷറര്‍ പ്രിയ കെ. ഏബ്രഹാം, പ്രിന്‍സിപ്പല്‍ സുനിത സതീഷ്, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, അസി. മാനേജര്‍ തമ്പി കുര്യന്, പിടിഎ വൈസ് പ്രസിഡന്റ് ഷമീം കാസിം എന്നിവര്‍ നേതൃത്വം നല്കി.