കാര്‍ ബുള്ളറ്റുമായി കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്കു ഗുരുതര പരിക്ക്
1587938
Saturday, August 30, 2025 7:16 AM IST
പാമ്പാടി: നിയന്ത്രണം വിട്ട കാര്‍ ബുള്ളറ്റുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്ക്. ഇരുചക്രവാഹന യാത്രികരായ പൂതകുഴി മാനങ്ങാടിയില് എം.ജെ. സതീഷ് ( 48 ), പ്ലാത്താനം പി.എ. ജോസ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്.
ആലാംപള്ളി-മാന്തുരുത്തി റോഡില്‍ ഇലക്കൊടിഞ്ഞി കവലയ്ക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു അപകടം. ആലാംപള്ളി ഭാഗത്തേക്കുപോയ കെഎസ്ഇബി സബ്സ്റ്റേഷന് അസിസ്റ്റന്റ് എന്‍ജിനിയര്‍ കുറുമ്പനാടം പടിഞ്ഞാറേക്കുറ്റ് ആനി സഖറിയയുടെ(55) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കും സാരമായി പരിക്കേറ്റു. കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
സമീപത്ത് നിര്‍ത്തിയിട്ട ബൈക്കിലും കാറിലും ഇടിച്ചാണ് വാഹനം നിന്നത്. വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.