കേരളത്തിലെ 80 നോണ്‍-ഡെലിവറി പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു
1587673
Friday, August 29, 2025 6:55 AM IST
ചങ്ങനാശേരി: കേരളത്തില്‍ ഏകദേശം 80ഓളം നോണ്‍-ഡെലിവറി പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു. ചങ്ങനാശേരി പരിധിയിലെ പെരുന്ന, മാര്‍ക്കറ്റ്, കോളജ് പോസ്റ്റ് ഓഫീസുകള്‍ അടക്കം നിരവധി ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് ഇത്തരം നോണ്‍-ഡെലിവറി പോസ്റ്റ് ഓഫീസുകള്‍ അനിവാര്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്കും ആശയവിനിമയത്തിനും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തപാല്‍ സേവനങ്ങളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
പൂട്ടരുത്, നവീകരിച്ച് നിലനിര്‍ത്തണം
നോണ്‍-ഡെലിവറി പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അടിസ്ഥാന തപാല്‍ സേവനങ്ങള്‍ക്കായി ആളുകള്‍ക്കു ദൂരെയുള്ള ഓഫീസുകളെ ആശ്രയിക്കേണ്ടി വരും.
അടച്ചുപൂട്ടല്‍ നടപടികള്‍ക്കു പകരം ഇത്തരം ഓഫീസുകള്‍ നവീകരിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ നല്കുന്ന രീതിയില്‍ ശക്തിപ്പെടുത്തണം.
കൊടിക്കുന്നില്‍ സുരേഷ് എംപി
മാവേലിക്കര പാര്‍ലമെന്റ് നിയോജകമണ്ഡലം