അധിക തസ്തികനിര്‍ണയം അംഗീകാരം : സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോ.
1587185
Wednesday, August 27, 2025 11:49 PM IST
കോട്ടയം: വിദ്യാര്‍ഥികളുടെ വര്‍ധനമൂലം ഉണ്ടാകുന്ന അധിക തസ്തികനിര്‍ണയം അംഗീകാരം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്ന് കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്.
2010ല്‍ സര്‍ക്കാര്‍ ഇറക്കിയ 1:1 ഉത്തരവിനെതിരേ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ സുപ്രീം കോടതിയില്‍ നല്കിയ കേസ് തീര്‍പ്പാക്കാത്തതിനാല്‍ 2021ല്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലൂടെ താത്കാലിക പരിഹാരം കണ്ടിരുന്നു. ആയതിനാല്‍ 2021 ലെ ഇടതു സര്‍ക്കാര്‍ ചെയ്തതുപോലെ സുപ്രീം കോടതി കേസ് തീര്‍പ്പാക്കാത്തതിനാല്‍ സമാനമായ ഒരുത്തരവിലൂടെ വിദ്യാര്‍ഥികളുടെ വര്‍ധനമൂലം ഉണ്ടാകുന്ന അധിക തസ്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് മാനേജേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടത്.
സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നതുപോലെ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് ഹൊറിസോണ്ടല്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഒരു സ്ഥാപനത്തിലെ മുഴുവന്‍ ഒഴിവുകളെയും ഒറ്റ കേഡറായി പരിഗണിച്ച് നല്കിയാല് തീരാവുന്ന കാര്യം മാത്രമാണ്. ഇങ്ങനെ ചെയ്താല്‍ നിലവില്‍ സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ഭൂരിപക്ഷം ഭിന്നശേഷിക്കാരെയും ഉള്‍ക്കൊണ്ടു പരിഹരിക്കാന്‍ സാധിക്കും.
കൂടാതെ കോടതി ഉത്തരവുകള്‍ പ്രകാരം സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിന് ഒരു സ്റ്റേറ്റ് ലെവല്‍ സെലക്ഷന് കമ്മിറ്റി ഉണ്ടാക്കുവാനും അവര്‍ നല്കുന്ന ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റില്‍നിന്നും മാനേജര്‍മാര്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത് ഉറപ്പുവരുത്താനുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പ്രസ്തുത കമ്മിറ്റികള്‍ ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും അതുപ്രകാരം മാനേജര്‍മാര്‍ അപ്പോയിന്റ്മെന്റുകള്‍ നടത്താനുമാണ് പറഞ്ഞിരിക്കുന്നത്. ഇത് മാനേജ്മെന്റുകളുടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മാനേജേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആര്. ഗോപീകൃഷ്ണന്, വൈസ്പ്രസിഡന്റ് കെ.ആര്. വിജയന്, ട്രഷറര്‍ ആര്. മധുലാല്‍, എക്സിക്യൂട്ടീവ് അംഗം അരുണ്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.