അതിരമ്പുഴ പള്ളിമുറ്റത്തെ അതിക്രമം: പ്രതി പിടിയിൽ
1586914
Wednesday, August 27, 2025 12:34 AM IST
അതിരമ്പുഴ: അതിരമ്പുഴ പള്ളിമുറ്റത്ത് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ നാല്പാത്തിമല വടക്കേത്തുപറമ്പിൽ ആദർശ് മനോജിനെ (21)യാണ് ഏറ്റുമാനൂർ പാേലീസ് അറസ്റ്റ് ചെയ്തത്.
പള്ളിമേടയിൽ മാർബിൾ പോളീഷിംഗിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ബിജുവിനെ ചില്ലുകുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിലാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പള്ളിമുറ്റത്ത് കൂട്ടംകൂടി ബഹളംവച്ചത് ചാേദ്യംചെയ്ത പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഘത്തെ പിന്തിരിപ്പിക്കാൻ എത്തിയതായിരുന്നു ബിജുവും മകനും മറ്റൊരു ജോലിക്കാരനും. ഇവർക്കു നേരേ തിരിഞ്ഞ ആദർശ് ബിജുവിന്റെ തലയിൽ ചില്ലുകുപ്പികൊണ്ട് അടിച്ച് മാരകമായി പരിക്കേല്പിക്കുകയായിരുന്നു.
സംഭവശേഷം കടന്നുകളഞ്ഞ ആദർശിനെ ദിവസങ്ങൾ നീണ്ട തെരച്ചിലിലാണ് തിങ്കളാഴ്ച പിടികൂടിയത്. എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്ഐമാരായ എ.എസ്. അഖിൽദേവ്, ആഷിൽ രവി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുര്യൻ, സിവിൽ പോലീസ് ഓഫീസർമാരായ വി.കെ. അനീഷ്, പി.എസ്. സനൂപ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരേ ഏറ്റുമാനൂർ സ്റ്റേഷനിൽ അഞ്ച് ക്രിമിനൽ കേസുകൾ വേറെയും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.