തഞ്ചാവൂരിലുണ്ടായ ബൈക്കപകടം: യുവാവ് മരിച്ചു
1586915
Wednesday, August 27, 2025 12:34 AM IST
തലയോലപ്പറമ്പ്: തമിഴ്നാട് തഞ്ചാവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലയോലപ്പറമ്പ് ഇടവട്ടം സ്വദേശിയായ യുവാവ് മരിച്ചു. ഇടവട്ടം രാഗരശ്മിയിൽ പരേതനായ മുരളീധരൻപിള്ളയുടെ മകൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജണൽ ഓഫീസിലെ ജീവനക്കാരൻ എം. രാഹുൽ(36)ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലിക്കു ശേഷം സ്പോർട്സ് മീറ്റിൽ പങ്കെടുത്ത് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒൻപതോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചുവീണ രാഹുലിനെ തമിഴ്നാട് പോലീസെത്തി തിരുവാരൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുലിന്റെ ലൈസൻസിൽനിന്നു വിലാസം കണ്ടെത്തി ഇന്നലെ രാവിലെ എട്ടോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇന്നലെ ഇടവട്ടത്തെ വീട്ടിലേക്കു വരാനിരിക്കെയാണ് അപകടം സംഭവിച്ചത്.
നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് കൃഷ്ണകുമാരി. ഭാര്യ: പൂർണിമ മോഹൻ. ആലപ്പുഴ ചെക്കിടിക്കാവ് എടത്വ കാർത്തിക കുടുംബാംഗം. മകൻ: ഇഷാൻകൃഷ്ണ (വെള്ളൂർ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി).