ചങ്ങനാശേരി ബോട്ട് ക്ലബ് നാളെ പുന്നമടയിലേക്ക്
1587434
Thursday, August 28, 2025 7:40 AM IST
ചങ്ങനാശേരി: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന സിബിസിയുടെ ചമ്പക്കുളം ചുണ്ടന്റെ വിജയത്തിന് ചങ്ങനാശേരിക്കാരുടെ അനുഗ്രഹങ്ങള്‍ സ്വീകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ജലോത്സവ വിളംബര പ്രയാണം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് മീഡിയാ വില്ലേജില്‍നിന്ന് ആരംഭിക്കുന്ന വര്‍ണ ശബളമായ ഘോഷയാത്ര ഡിവൈഎസ്പി കെ.പി. ടോംസണ് ഫ്ലാഗ് ഓഫ് ചെയ്യും.
എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യോഗം യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഴയ പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് മുഹമ്മദ് ഫുവാദ്, സിബിസി ഡയറക്ടര്‍മാരായ ഫാ. സബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോഫി പുതുപ്പറമ്പ് എന്നിവര്‍ പ്രസംഗിക്കും.
സെന്‍ട്രല്‍ ജംഗ്ഷന്‍വഴി അഞ്ചുവിളക്ക് സ്ക്വയറില്‍ റാലി സമാപിക്കുമ്പോള്‍ അവിടെ നടക്കുന്ന പൊതുസമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിബിസി ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം, ബോട്ട് ജെട്ടി വികസന സമിതി എക്സിക്യുട്ടീവ് അംഗം റോഷന് വാടാപറമ്പില്‍, മീഡിയാ വില്ലേജ് ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, ജോബി തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.