തെരുവുനായക്കൂട്ടം കുറുകെച്ചാടി; ബൈക്ക് യാത്രികനു പരിക്ക്
1586774
Tuesday, August 26, 2025 4:33 AM IST
മണർകാട്: തെരുവുനായക്കുട്ടം കുറുകെച്ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരനു പരിക്ക്. ചുങ്കം മള്ളൂശേരി സ്വദേശി പടിഞ്ഞാറേക്കാട്ടിൽ ലൂക്കോസ് തോമസിനാണ് (55) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.15ന് ഐരാറ്റുനടയിലെ മൈക്രോ ലാബിനു മുൻപിലായിരുന്നു അപകടം.
ആർഐടി കോളജിലെ ഹോസ്റ്റൽ വിദ്യാർഥികൾക്കു ഭക്ഷണം എത്തിക്കുന്നതിനായി പാമ്പാടിയിലേക്കു പോകുകയായിരുന്നു. മൈക്രോലാബിനു മുൻവശത്ത് എത്തിയപ്പോൾ തെരുവുനായ്ക്കൾ പെട്ടന്നു ദേശീയപാതക്കു കുറുകെ കടക്കുകയായിരുന്നുവെന്നു ലൂക്കോസ് പറഞ്ഞു. നായയുടെ ദേഹത്ത് തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. സാരമായി പരിക്കേറ്റ ലൂക്കോസിനെ ആംബുലൻസിലാണ് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.