മൂലേക്കടവ് പാലം: സ്ഥലം വിട്ടൊഴിയൽ രേഖകൾ കൈമാറി
1587431
Thursday, August 28, 2025 7:40 AM IST
ചെമ്പ്: ചെമ്പ് - മറവന്തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിനു കുറകെ നിര്‍മിക്കുന്ന മൂലേക്കടവ് പാലത്തിന്റെ സമീപറോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികരിച്ചു. പാലത്തിന്റെ സമീപ റോഡ് നിര്‍മാണത്തിനായി 23 ഭൂവുടമകളില്‍നിന്നായി 48.79 ആര് വസ്തുവാണ് ഏറ്റെടുത്തത്.
ഭൂവുടമകള്‍ക്ക് വിതരണം ചെയ്യേണ്ട 2,54,84,451 രൂപ ഭൂവുടമകള്‍ക്ക് കൈമാറിയിരുന്നു. പാലത്തിന്റെ ഇരു കരകളില്‍നിന്നുള്ള ഭൂവുടമകളില്‍നിന്ന് ഭൂമിവിട്ടൊഴിയല്‍ രേഖകള്‍ എല്‍എ (കിഫ്ബി) സ്പെഷല്‍ തഹസില്‍ദാരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ഏറ്റുവാങ്ങി കെആര്‍എഫ്ബി അധികൃതര്‍ക്കു കൈമാറി.
കിഫ്ബിയില്‍നിന്ന് 25 കോടി രൂപയാണ് പാലം നിര്‍മിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. 210 മീറ്റര്‍ നീളമുള്ള പാലത്തിനു 11 മീറ്റര്‍ വീതിയുണ്ടാകും. ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങള്‍ക്ക് പാലം യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതസൗകര്യം വര്‍ധിക്കും. സാധാരണ തൊഴിലാളികളും ഇടത്തരക്കാരും താമസിക്കുന്ന ഏനാദിയുടെ വികസനത്തിനു സഹായകരമായ പാലം താമസിയാതെ യാഥാര്ഥ്യമാകുമെന്നതിനാല് ഏനാദിനിവാസികള് വലിയ ആഹ്ലാദത്തിലാണ്.
പാലം പൂര്‍ത്തിയാകുന്നതോടെ തലയോലപ്പറമ്പ്, മറവന്തുരുത്ത് നിവാസികള്‍ക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയന്‍കാവ് വഴി എറണാകുളത്തേക്കു പോകാനാകും. ഗതാഗതകുരുക്കില്‍നിന്ന് ഒഴിഞ്ഞിമാറി ഒരു എളുപ്പമാര്‍ഗമായി ഈ പാലവും പാതയും മാറുന്നതോടെ ഏനാദിയുടെ വികസനത്തിനും ആക്കംകൂടും.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ.കെ. രമേശന് തുടങ്ങി നിരവധിപേര്‍ ഒപ്പമുണ്ടായിരുന്നു.
പാലത്തിന്റെ 80 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. സമീപറോഡിന്റെ ഫൈനല്‍ ഡിസൈനു വരുന്ന കിഫ്ബി മീറ്റിംഗിന് അംഗീകാരം ലഭിച്ചാലുടന്‍ ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് പാലം നാടിനു സമര്പ്പാക്കാനാകുമെന്ന് സി.കെ. ആശ എംഎല്‍എ അറിയിച്ചു.