പുലിയുടെ ആക്രമണമെന്നു സംശയം; പശുവിനെ ചത്ത നിലയിൽ കണ്ടെത്തി
1586905
Wednesday, August 27, 2025 12:34 AM IST
കൊക്കയാർ: മലയോര മേഖലയെ ഭീതിയിലാഴ്ത്തി കൊക്കയാർ പഞ്ചായത്തിന്റെ മേലോരം ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. പ്രദേശവാസിയുടെ പശുവിനെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പുലിയുടെ ആക്രമണമാണെന്ന സംശയമാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നിരുന്നു.
ഏതാനും മാസങ്ങൾക്കു മുമ്പ് കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടിരുന്നു. വാഗമൺ മലനിരകളോട് അതിർത്തി പങ്കിടുന്ന മേലോരം ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.