കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ നിവാസികളുടെ പ്രളയദുരിതം പമ്പകടക്കും
1586916
Wednesday, August 27, 2025 12:34 AM IST
കോട്ടയം: കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ മലയോരവാസികളുടെ തീരാദുരിതം പമ്പകടക്കുന്നു.
കിഴക്കന്‍ മലയോര വനപ്രദേശമായ കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും പമ്പാനദിക്കു കുറുകെ പുതിയ പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 11ന് നടക്കും. രണ്ടു പാലങ്ങളുടെയും പണി എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ശക്തമായ മഴ പെയ്താല്‍ നിലവിലുള്ള രണ്ട് കോസ് വേകളും വെള്ളത്തിലാവുന്നതിനൊപ്പം മലയോരവാസികള്‍ വനാതിര്‍ത്തിയില്‍ ഒറ്റപ്പെടുകയും ചെയ്യും. കാലങ്ങളായി പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരമാണ് പുതിയ പാലങ്ങള്‍. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.
അറയാഞ്ഞിലിമണ്ണില്‍ 2.6 കോടി രൂപ മുടക്കിലാണ് പാലം പണിയുന്നത്. പാലത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ്.
ഉയരംകൂട്ടി നടപ്പാത എന്ന ഉദ്ദേശ്യത്തില്‍ നിര്‍മിക്കുന്ന പാലത്തിലൂടെ ചെറിയ ആംബുലന്‍സ് ഉള്‍പ്പെടെ ചെറു വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. 1.8 മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവുമുള്ള പാലത്തിന് ഏഴ് തൂണുകളുണ്ടാകും. ഒരുവശം പമ്പാനദിയും ബാക്കി മൂന്നു വശങ്ങളും ശബരിമല വനത്താലും ചുറ്റപ്പെട്ട് ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്മൂഴിയും. കോട്ടയം ജില്ലയിലെ കണമല, പമ്പാവാലി, മുക്കൂട്ടുതറ, എരുമേലി പ്രദേശങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.
3.97 കോടി രൂപ ചെലവിലാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള കുരുമ്പന്‍മൂഴിയില്‍ ഇരുമ്പ് പാലം നിര്‍മിക്കുന്നത്. നിലവിലുള്ള കോസ്വേയുടെ കൈവരികള്‍ തകര്‍ന്ന സ്ഥിതിയിലാണ്.
2018ലെ മഹാപ്രളയവും പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയും കാരണം വന്‍തോതില്‍ മണല്‍ അടിഞ്ഞതിനാല്‍ ഒറ്റ മഴയില്‍ പാലം മൂടിപ്പോകുന്ന സാഹചര്യമാണ്.
650 കുടുംബങ്ങള്‍ താമസിക്കുന്ന കുരുമ്പന്മൂഴിയിലെ മൂന്ന് ആദിവാസി കോളനി വാസികള്‍ മഴക്കാലത്ത് വലിയ ദുരിതമാണ് നേരിടുന്നത്.