ഓമല്ലൂര്‍ കനാല്‍ സൗന്ദര്യവത്കരിക്കുന്നു
1587424
Thursday, August 28, 2025 7:29 AM IST
കുറുപ്പന്തറ: ഓമല്ലൂര്‍ കനാല്‍ സൗന്ദര്യവത്കരണത്തടൊപ്പം ഓമല്ലൂര്‍ കനാല്‍ പ്രദേശത്ത് കിഡ്സ് പാര്‍ക്കും ഓപ്പണ്‍ ജിം ഉള്‍പ്പെടുന്ന വിനോദ-വിജ്ഞാന ഹാപ്പിനസ് പാര്‍ക്കെന്ന സ്വപ്നവും പൂവണിയുന്നു. ഓമല്ലൂര്‍ കനാല്‍ പ്രദേശത്ത് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പാര്‍ക്കിനു വേണ്ടിയുള്ള പ്രവര്‍ത്തനം അവസാന റീച്ചിലാണ്.
1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കനാലും പരിസരവും മോടിപിടിപ്പിച്ചു സൗന്ദര്യവത്കരിക്കാന്‍ പരിസരവാസികളായ നാല്പ തോളം കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ വീ കാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കനാല്‍ പരിസരം ശുചികരിക്കുന്നതിനും മാനസികോല്ലാസത്തിനുമായി ടൈലുകള്‍ വിരിച്ചു മനോഹരമാക്കാനുള്ള പദ്ധതിക്കു സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ട്. കനാല്പ്രദേശം ഫലവൃക്ഷത്തൈകളും തണല്‍മരങ്ങളും ഉദ്യാനങ്ങളും നട്ടുപരിപാലിച്ചു ചിത്രശലഭങ്ങളെയും മറ്റും ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ള മാഞ്ഞൂര്‍ പഞ്ചായത്തിന്റെ പദ്ധതിയും പുരോഗമിക്കുന്നു.
കനാല്‍ വശങ്ങളില് മണ്ണൊലിപ്പു തടയുന്നതിനുള്ള കയര്‍ ഭൂവസ്ത്രം ധരിക്കുന്നതിനുള്ള അനുമതി ലഭിച്ചതോടെ, ഇറിഗേഷന്‍ വകുപ്പുമായി മാഞ്ഞൂര്‍ പഞ്ചായത്ത് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കയര്‍ ഭൂവസ്ത്രത്തിനിടെയില് പേള്‍ ഗ്രാസ് വച്ചുപിടിപ്പിച്ചുകൊണ്ട് കനാല്‍ പരിസരം പച്ചപ്പരവതാനി വിരിച്ചു സൗന്ദര്യവത്കരണത്തിന് മാറ്റുകൂട്ടുന്നതിനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.
കനാല്‍ പ്രദേശത്തുള്ള അപകടസാധ്യത നിറഞ്ഞ ചില പ്രദേശങ്ങളില്‍ മോന്‍സ് ജോസഫ് എംഎൽഎ നല്കുന്ന ഫണ്ടുപയോഗിച്ചു ക്രാഷ് ബാരിയര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് എടുത്തു ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല മുന്‍കൈയെടുത്ത് പദ്ധതി പ്രദേശത്തിന്റെ പാലാ റോഡ് ജംഗ്ഷനില്‍ മിനി ഹൈമാസ്റ്റിനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് പൊളിഞ്ഞുപോയ കാനാലിനുള്ളിലെ ഭാഗം നന്നാക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന് പത്തു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റെടുത്ത് കൈമാറിയിട്ടുണ്ട്. നടപ്പു വര്‍ഷം വിവിധ പദ്ധതികള്‍ക്കായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പത്തു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്നു ക്രാഷ് ബാരിയര്‍ സ്ഥാപിക്കാനുള്ള നടപടകളുമാണ് പുരോഗമിക്കുന്നത്.
പദ്ധതി പ്രദേശത്തുണ്ടായിരുന്ന അനധികൃത കൃഷികള്‍ ഫൗണ്ടേഷനംഗങ്ങളുടെ ശ്രമഫലമായി മാറ്റുകയും നിലവില്‍ വഴിയാത്രക്കാര്‍ക്കു തടസമായി നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ വശങ്ങളിലേക്കു മാറ്റിസ്ഥാപിക്കുവാനുള്ള ശ്രമങ്ങളും ഫൗണ്ടേഷന് നടത്തുന്നുണ്ട്. പദ്ധതി പ്രദേശത്തിന് സമ്മര്‍ ഗ്രീന്‍ - വേനല്‍ പച്ച എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനും പദ്ധതി പ്രദേശം അന്തരീക്ഷ മലിനീകരണത്തില്‍നിന്നു തടയുന്നതിനുമായുള്ള വിവിധ പദ്ധതികളുടെ പണിപ്പുരയിലാണെന്ന് ഫൗണ്ടേഷന് ഭാരവാഹികളായ അഡ്വ. ജെയ്സണ്‍ പാളിയില്‍, ഡോ. ജെയ്സണ്‍ പി. ജേക്കബ്, പീറ്റര്‍ ജോസ്, അപ്പച്ചായി പാളിയില്‍, പി.ടി. മനുരാജ് എന്നിവര്‍ അറിയിച്ചു.