വാങ്ങിക്കൂട്ടാം വേണ്ടതൊക്കെ
1586910
Wednesday, August 27, 2025 12:34 AM IST
149 ഓണച്ചന്തകള്‍ ഒരുങ്ങുന്നു
കോട്ടയം: ഓണത്തെ വരവേല്‍ക്കാന്‍ കൃഷിവകുപ്പും ഒരുങ്ങി. ജനങ്ങള്‍ക്ക് ന്യായവിലയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉറപ്പാക്കുന്നതിനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലും 149 ഓണച്ചന്തകള്‍ നടത്തും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാടദിനമായ നാലുവരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് 79 ഓണചന്തകള്‍ കൃഷിവകുപ്പ് നേരിട്ട് നടത്തുമ്പോള്‍ ഔട്ട്ലെറ്റുകള്, സപ്ലൈകോ ഓണവിപണി, കുടുംബശ്രീ ഓണം വിപണി എന്നിവിടങ്ങളിലായി ഹോര്‍ട്ടികോര്‍പ് 55 ചന്തകള്‍ നടത്തും.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സില്‍ ജില്ലയുടെ വിവിധയിടങ്ങളിലായി 15 ചന്തകള്‍ തുറക്കും. ഓണവിപണി ലക്ഷ്യമാക്കി ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ 100 ടണ്‍ പച്ചക്കറികളാണ് സംഭരിക്കുന്നത്. കൃഷി വകുപ്പ് 40 ടണ്‍ പച്ചക്കറികളും സംഭരിക്കും. നാട്ടിന് പുറങ്ങളിലെ കര്‍ഷകരില്‍നിന്നു പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും സംഭരിക്കാനാണ് തീരുമാനം. ശേഷിക്കുന്നവ പുറത്തുനിന്നു സംഭരിക്കും.
ശീതകാല പച്ചകറികളായ കാബേജ്, കാരറ്റ്, വെളുത്തുള്ളി തുടങ്ങിയ വട്ടവടയില്‍നിന്നാണ് സംഭരിക്കുന്നത്. പച്ചക്കറികള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നാണ് മറ്റു പച്ചക്കറികളുടെ സംഭരണം. സവോള, ഉള്ളി,കിഴങ്ങ് എന്നിവ തമിഴ്നാട്ടില്‍നിന്നാണ് സംഭരിക്കുന്നത്. പൊതുവിപണിയില്‍നിന്നു 10 ശതമാനം അധിക വില കര്‍ഷകര്‍ക്കു നല്‍കിയാണ് സംഭരണം.
സംഭരിച്ച പച്ചക്കറികള്‍ ചന്തകളില്‍ 30 ശതമാനം വിലക്കുറവില്‍ നല്‍കും. ഓണച്ചന്തകളില്‍ കൃഷി വകുപ്പിന്റെ കേരള ആഗ്രോ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കാനുള്ള സ്റ്റാളുമുണ്ട്. പച്ചക്കറികളുടെ സംഭരണം, വിപണനം എന്നിവ സംബന്ധിച്ച് ഇന്നലെ കളക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.