തൂശനിലയാണ് താരം
1586912
Wednesday, August 27, 2025 12:34 AM IST
കോട്ടയം: ഓണസദ്യയുണ്ണാന്‍ ഓന്നാന്തരം തൂശനിലയുമായി ഈറ്റയ്ക്കകുന്നേല്‍ ഫാംസ്. കഴിഞ്ഞ 18 വര്‍ഷമായി തമിഴ്നാട്ടില്‍ വാഴയില കൃഷിയും പച്ചക്കറി കൃഷിയും നടത്തിവരുന്ന പാലാ ഭരണങ്ങാനം ഈറ്റയ്ക്കകുന്നേല്‍ പ്രമോദ് ഫിലിപ്പിന്റെ ഫാമില്‍നിന്ന് ഓണത്തിനായി ലോഡു കണക്കിനു വാഴയിലകളാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തഞ്ചാവൂര്‍, ആലകുളം കര്‍ണാടകയിലെ ചിക്കമംഗ്ളൂരു എന്നിവിടങ്ങളിലാണ് പ്രമോദ്
ഏക്കറുകണക്കിനു തോട്ടം പാട്ടത്തിനെടുത്ത് വാഴയില കൃഷി ചെയ്യുന്നത്. ഹോട്ടലുകള്‍, കോളജുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ ഓണസദ്യക്കായി വാഴയിലകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ കല്യാണസദ്യക്കായി കാറ്ററിംഗ് സ്ഥാപനങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് അഞ്ചു ലക്ഷത്തോളം വാഴയിലകള്ക്കാണ് ഇതുവരെ പ്രമോദിന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന വിപണി. ഒരു വാഴയില നാലുരൂപയ്ക്കാണ് വില്പന. ഞാലിപൂവന് വാഴയിലകളാണ് സദ്യക്കായി ഉപയോഗിക്കുന്നത്. ഏത്തവാഴയില പെട്ടന്ന് പൊട്ടിപ്പോകുന്നതിനാലും പാളയംതോടന്‍ വാഴയിലയ്ക്ക് കട്ടി കൂടുന്നതിനാലും ഉപയോഗിക്കില്ല. വാഴ നട്ടു കുലയായാല് കുല ആദ്യം വെട്ടിവില്ക്കും. തുടര്‍ന്ന് ഇല ഉപയോഗിക്കും കുല വെട്ടിയ വാഴ
വിത്തായും ഉപയോഗിക്കും. കേരളത്തിലെ കര്‍ഷകര്‍ക്ക് വാഴക്കൃഷി ഉണ്ടെങ്കിലും വാഴയില കൃഷി അധികം ഇല്ല. കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചു ശരിയായ രീതിയില്‍ വാഴകള്‍ വളര്‍ത്തിയാല്‍ ഗുണമേന്മയുള്ള വാഴയിലകള്‍ ഇവിടെത്തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രമോദ് ഫിലിപ്പ് പറയുന്നു.
വാഴയില കൃഷിക്കൊപ്പം കമ്പത്ത് പച്ചക്കറി കൃഷിയുമുണ്ട്.
കോട്ടയം ജില്ലയിലെ പ്രമുഖ എന്‍ജനിയറിംഗ് കോളജുകളിലേക്കും ആശുപത്രികളിലേക്കും ഇവിടെനിന്നാണ് പതിവായി പച്ചക്കറി എത്തുന്നത്.