കുറ്റ്യാടി തെങ്ങിനു ഭൗമസൂചികാപദവി പരിഗണനയില്‍
1587186
Wednesday, August 27, 2025 11:49 PM IST
കോട്ടയം: മണ്ഡരിയെയും ചെള്ളിനെയും ചെറുക്കുന്ന പ്രതിരോധശേഷിയും മികച്ച വിളവും ലക്ഷ്യമിട്ട് കര്‍ഷകർ നട്ടുവരുന്ന കുറ്റ്യാടി തെങ്ങിനു ഭൗമസൂചികാപദവി പരിഗണനയില്‍. കേരള കാര്‍ഷിക സര്‍വകലാശാലയും കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തും ചേര്‍ന്നാണ് നാട്ടുപെരുമയുള്ള കുറ്റ്യാടി തെങ്ങിനെ തനിമയുള്ള ഫലവൃക്ഷമായി അറിയപ്പെടാനുള്ള സാധ്യത തേടുന്നത്.
ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ അഥവാ ഭൗമസൂചികാപദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ തെങ്ങിനമായി ഇത് മാറും. നട്ട് അഞ്ചാം വര്‍ഷം കായ്ഫലവും നൂറു വര്‍ഷം ആയുസുമുള്ള ഈ ഇനത്തിന് പ്രതിരോധശേഷി കൂടുതലുണ്ട്.
വലിയ തേങ്ങയും കഴമ്പുള്ള അകവും മറ്റ് തനിമകളാണ്. തേങ്ങ വില്‍ക്കുന്നതിനെക്കാള്‍ തേങ്ങ നന്നായി ഉണക്കി മുളപ്പിച്ച് തൈകളായി വിറ്റ് കൂടുതല്‍ ലാഭമുണ്ടാക്കാനാണ് കുറ്റ്യാടി കര്‍ഷകര്‍ക്ക് താത്പര്യം.
ഭൗമസൂചിക ലഭ്യമാക്കാന്‍ കാവിലുംപാറ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ വിനിയോഗിച്ചാണ് കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഫയല്‍ നടപടികള്‍ നീക്കുന്നത്. കേന്ദ്ര നാണ്യവിള ഗവേഷണകേന്ദ്രമാണ് ഭൗമസൂചിക പ്രഖ്യാപിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.