11 ലക്ഷം തട്ടി മുങ്ങിയ പ്രതിയെ ഗുജറാത്തിലെത്തി പോലീസ് പിടികൂടി
1587430
Thursday, August 28, 2025 7:40 AM IST
കടുത്തുരുത്തി: വെര്‍ച്വല്‍ അറസ്റ്റിലൂടെ വയോധികനായ വൈദികന്റെ 11 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വയോധികനായ വൈദികന്റെ പണം തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് വഡോദര ന്യൂ സാമ റോഡില്‍ പഞ്ചം ഹൈറ്റ്സിനു സമീപം ഹരികപുര് സൊസൈറ്റിയില്‍ 108ല്‍ മന്ദീപ് സിംഗിനെയാണ് കടുത്തുരുത്തി എസ്എച്ച്ഒ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥരാണെന്നും വൈദീകന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായും ധരിപ്പിച്ച് വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം വൈദികനെ കുടുക്കിയത്. തുടര്‍ന്ന് ഇദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് 11 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് എടുക്കുകയും ചെയതു.
രണ്ടാം ദിവസം വീണ്ടും തട്ടിപ്പുസംഘം വൈദികനെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വൈദികന് കടുത്തുരുത്തി പോലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിക്കുകയായിരുന്നു.
ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികന്റെ പണം എത്തിയിരുന്നത്. തുടര്‍ന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 11 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ഗുജറാത്തില്‍ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിംഗാണ് പണം പിന്‍വലിച്ചത്.
രണ്ടു ചെക്കുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നേരിട്ടെത്തി ഇയാള്‍ പണം പിന്‍വലിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.