അധിക ഡ്യൂട്ടി: മെഡി. കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ പണിമുടക്കി
1587421
Thursday, August 28, 2025 7:29 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ സ്വകാര്യ ഏജൻസി മുഖേന നിയമിക്കപ്പെട്ട സെക്യൂരിറ്റി ജീവനക്കാർ പണിമുടക്കി. അഞ്ച് സ്ത്രീകളടക്കം 15 പേരാണ് ഡ്യൂട്ടി ചെയ്യുന്നത്.
എട്ടു മണിക്കൂർ ഡ്യൂട്ടിയും 18,000 രൂപയും നാല് ഓഫ് എന്നുമായിരുന്നു സ്വകാര്യ മാനേജ്മെന്റുമായി സെക്യൂരിറ്റിക്കാർ വാക്കാൽ ഉടമ്പടി ഉണ്ടാക്കിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രി മാനേജ്മെന്റ് പ്രതിനിധികൾ മെഡിക്കൽ കോളജിൽ എത്തുകയും 12 മണിക്കൂർ ജോലി ചെയ്യണമെന്ന് ഡ്യൂട്ടിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി ഇവർ എത്തിയപ്പോഴാണ് രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഏജൻസി പറഞ്ഞ കാര്യം സഹപ്രവർത്തകരെ അറിയിച്ചത്.
തുടർന്ന് മുഴുവൻ പേരും ഡ്യൂട്ടി ബഹിഷ്കരിച്ചു. പിന്നീട് രാവിലെ 11 ഓടെ ഏജൻസി മാനേജർ മെഡിക്കൽ കോളജിലെത്തി പണിമുടക്കിയ സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു. തുടർന്ന് 12 മണിക്കൂർ ഡ്യൂട്ടിയും 23,000 രൂപ ശബളവും നാല് ഓഫും കൊടുക്കാമെന്ന ധാരണയിൽ ഇവർ ഡ്യൂട്ടിക്ക് കയറി.
ഡ്യൂട്ടിയിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അറിയുന്നത് അഞ്ചു സ്ത്രീ ജീവനക്കാരിൽ രണ്ടു പേർ വേണ്ടെന്നും സ്ത്രീ ജീവനക്കാർക്ക് രാത്രികാല ഡ്യൂട്ടി വേണ്ടെന്നുമാണ് ഏജൻസി തീരുമാനമെന്നത്.
വളരെ കുറഞ്ഞ തുകയ്ക്കാണ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റിക്കാരെ നിയമിക്കുന്നതിന് ക്വട്ടേഷൻ പിടിച്ചത്. അതുകൊണ്ട് കൂടുതൽ തുക വേതനമായി നൽകാൻ കഴിയില്ല. വനിതാ സെക്യൂരിറ്റിക്കാർക്ക് ആശുപത്രി അധികൃതർ താമസസൗകര്യം ക്രമീകരിച്ചു തരാത്തതിനാൽ ദിവസേന പോയി വരുന്ന വനിതകൾക്ക് മാത്രമേ ഡ്യൂട്ടി അവസരം നൽകാൻ പറ്റുകയുള്ളൂവെന്നും ഏജൻസി മാനേജർ എ.വി. തോമസ് പറഞ്ഞു