നൈപുണ്യ പരിശീലന പദ്ധതി: സെന്റ് ഡൊമിനിക്സ് കോളജിൽ ഭക്ഷ്യമേള
1587166
Wednesday, August 27, 2025 10:56 PM IST
കാഞ്ഞിരപ്പള്ളി: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി സെന്റ് ഡൊമിനിക്സ് കോളജില്‍ ഭക്ഷ്യമേള നടത്തി.
ബി.വോക് വിഭാഗത്തിലെ ഭക്ഷണശാസ്ത്രത്തില് പരിശീലനം നേടിയ 60 വിദ്യാര്‍ഥികളാണ് വിഭവങ്ങള്‍ തയാറാക്കിയത്. അഞ്ച് കൗണ്ടറുകളിലായി വിപണനസാധ്യതയുള്ള മുപ്പത് ഭക്ഷ്യവിഭവങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്. പത്തു ദിവസത്തെ പാചക പരിശീലനമാണ് കുട്ടികള്‍ക്കായി കോളജില്‍ നടത്തിയത്. പരിശീലനം ലഭിച്ചവരില്‍ പത്തു കുട്ടികള്‍ക്ക് ഭക്ഷ്യസംരംഭം തുടങ്ങാനുള്ള വ്യവസായവകുപ്പിന്റെ ലൈസന്‍സ് ലഭിച്ചു.
കോളജ് ബി.വോക് വിഭാഗം, ഇഡി ക്ലബ്, എച്ച്ആര്‍ സെൽ എന്നിവ നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്ത് നൈപുണ്യ പദ്ധതിയില്‍ സെന്റ് ഡൊമിനിക്സ്, എരുമേലി എംഇഎസ് എന്നീ കോളജുകളിലെ ഭക്ഷ്യസംസ്കരണത്തില് 60 പേര്‍ക്കും ബ്യൂട്ടീഷന് കോഴ്സില്‍ 50 പേര്‍ക്കും മോഡേന്‍ എംബ്രോയ്ഡറി കോഴ്സില്‍ 20 പേര്‍ക്കും റബര്‍ ആന്‍ഡ് പ്ലാസ്റ്റിക് ടെക്നോളജിയില്‍ 26 പേര്‍ക്കും പരിശീലനം നല്കി.
ഭക്ഷ്യമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാര്‍ റവ.ഡോ. മനോജ് പാലക്കുടി, പ്രിന്‍സിപ്പല്‍ സീമോന്‍ തോമസ്, ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സ് ജോയല്‍, ബി. വോക് വിഭാഗം മേധാവി നിത്യ കൃഷ്ണ, വ്യവസായ ഓഫീസര്‍ കെ.കെ. ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.