കുരുക്കഴിക്കാൻ മുന്നിൽ ഓടി ഉടമ; യാത്രക്കാരനുമായി ബസ് ആശുപത്രിയിലേക്ക്
1586907
Wednesday, August 27, 2025 12:34 AM IST
കാഞ്ഞിരപ്പള്ളി: കുഴഞ്ഞുവീണ യാത്രികനെ ബസില്‍ത്തന്നെ ആശുപത്രിയിലെത്തിച്ചു രക്ഷകരായി ബസ് ഉടമയും ജീവനക്കാരും.
പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി-എരുമേലി-വെച്ചൂച്ചിറ റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസ് ഉടമ വഞ്ചിമല മാവേലിക്കുന്നേല്‍ ജോര്‍ജ് ജോസഫ്, ഡ്രൈവര്‍ എസ്എന്‍ പുരം വട്ടുകളത്തില്‍ ഗോപു ജി. ദാസ്, കണ്ടക്ടര്‍ വട്ടക്കാവ് മാവിലവീട്ടില്‍ ബിജു കേശവന് എന്നിവര്‍ ചേര്‍ന്നാണ് ഇരുപത്താറാംമൈൽ മേരി ക്വീൻസ് ആശുപത്രിയിലെത്തിച്ചത്.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകുന്നേരം 5.05ന് കുളപ്പുറം സ്വദേശി അജിമോന് (49) ആണ് കുഴഞ്ഞുവീണത്. ഉടന്‍ ബസില്‍ത്തന്നെ മേരി ക്വീൻസ് ആശുപത്രിയിലെത്തിച്ചു.
രോഗിയുമായി ദേശീയപാതയിലേക്ക് ഇറങ്ങിയപ്പോള്‍ ബസ് ഉടമ ജോര്‍ജ് ജോസഫ് ബസിനു മുന്നില്‍ ഓടി ഗതാഗതക്കുരുക്കഴിച്ചാണ് ബസിനു വഴിയൊരുക്കിയത്. ചികിത്സയ്ക്കു ശേഷം അജിമോന് പിന്നീട് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങി.