അഖില്‍ സി. വര്‍ഗീസ്- അവിശ്വസനീയ തട്ടിപ്പുകഥയിലെ നായകൻ
1587189
Wednesday, August 27, 2025 11:49 PM IST
കോട്ടയം: നഗരസഭയിലെ രണ്ടരക്കോടി തട്ടിപ്പുകാരന് അഖില്‍ സി. വര്‍ഗീസ് നയിച്ചത് ആഡംബരജീവിതം. അമ്മ പി. ശ്യാമളയുടെ അക്കൗണ്ടില്‍ ലഭിച്ചിരുന്ന തട്ടിപ്പുപണം ഓരോ മാസവും കൃത്യമായി തന്റെ പല അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്ന പ്രതി, ഈ തുക ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നു പോലീസ് സംഘം കണ്ടെത്തി.
നാലു വര്‍ഷം തുടര്‍ന്ന തട്ടിപ്പ് വഴിയാണ് കൊല്ലം സ്വദേശിയായ അഖില്‍ കോട്ടയം നഗരസഭ ഓഫീസിലെ പെന്ഷന് ഫണ്ടില്‍നിന്നും 2.40 കോടി അപഹരിച്ചത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് മൂന്ന് ബൈക്കുകളാണ് അഖില്‍ സി. വര്‍ഗീസ് വാങ്ങിയത്. ഇതില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഒരു ഹാര്‍ലി ഡേവിഡ്സണ് ബൈക്കും ഉള്‍പ്പെടുന്നു. ഒരു കാറും ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കൊല്ലത്ത് ഏഴു സെന്റ് സ്ഥലവും വാങ്ങി. ഈരാറ്റുപേട്ടയിലെ ബാങ്കില്‍ ഇയാള്‍ക്ക് വായ്പയുണ്ടായിരുന്നു. തട്ടിച്ചെടുത്ത പണമാണ് ഈ വായ്പ കുടിശിക അടച്ചുതീര്‍ക്കാന്‍ പ്രതി ഉപയോഗിച്ചിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെയാണ് പ്രതി നാല് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ചും വന്‍ തുക ചെലവഴിച്ചിരുന്നു. ഈ കാര്‍ഡുകളുടെ ബില്ലടയ്ക്കാനും തട്ടിപ്പുതുകയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് വിവിധ ജ്വല്ലറികളില്‍നിന്നും സ്വര്‍ണം വാങ്ങിയതായും വിജിലന്‍സിനോട് സമ്മതിച്ചു.
നാലു വര്‍ഷമാണ് അഖില്‍ സി. വര്‍ഗീസ് കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം നഗരസഭാ സെക്രട്ടറിയാണ് തട്ടിപ്പ് സംബന്ധിച്ചു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.