ബന്ദിപ്പൂക്കൃഷിയിൽ നേട്ടംകൊയ്ത് പഞ്ചായത്ത് ജീവനക്കാർ
1587037
Wednesday, August 27, 2025 6:37 AM IST
മറവൻതുരുത്ത്: ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും കൃഷിയെ നെഞ്ചോടു ചേർത്തുപിടിച്ച് വിജയഗാഥ രചിക്കുകയാണ് മറവൻതുരുത്ത് പഞ്ചായത്തിലെ രണ്ടു ജീവനക്കാർ. മറവൻതുരുത്ത് പഞ്ചായത്തിലെ ക്ലർക്ക് പാലാംകടവ് പാറയ്ക്കൽ മറ്റത്തിൽ കെ.കെ. മനോജും പഞ്ചായത്തിലെ വാഹന ഡ്രൈവറായ മറവൻതുരുത്ത് പുത്തൻപറമ്പിൽ ജെ. സാമുവലുമാണ് ബന്ദിപ്പൂകൃഷിയും ഏത്തവാഴക്കൃഷിയും വിജയകരമായി നടത്തി നാടിനാകെ പ്രചോദനമാകുന്നത്.
പുലർച്ചെയും ജോലി കഴിഞ്ഞ് വൈകുന്നേരവുമാണ് ഇവർ കൃഷിയിൽ വ്യാപൃതരാകുന്നത്. കൃഷിയോടുള്ള ഇരുവരുടെയും ആഭിമുഖ്യം അറിയാവുന്ന സഹപ്രവർത്തകരും ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും സുമനസുകളും ഇവർക്ക് പിൻബലവും പ്രോത്സാഹനവും നൽകുന്നു. മറവൻതുരുത്ത് പഞ്ചായത്തിന് സമീപത്ത് 20 സെന്റിൽ ഇവർ നട്ട 1,200 മഞ്ഞ, ചുവപ്പ് ബന്ദിച്ചെടികൾ പൂവിട്ട് വിൽപ്പനയ്ക്ക് പാകമായി.
ബന്ദിക്ക് പുറമേ പരീക്ഷണാടിസ്ഥാനത്തിൽ വാടാമല്ലിയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്. ഓണപ്പൂക്കളം തീർക്കാനും അലങ്കാരങ്ങൾക്കുമായി നിരവധിപ്പേർ ഇതിനകം പൂക്കൾ ആവശ്യപ്പെട്ട് പൂന്തോട്ടത്തിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ 4,000 ബന്ദികൾ നട്ട് കൃഷി വൻവിജയമായിരുന്നെങ്കിലും വയനാട് ദുരന്തത്തെത്തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായതോടെ പൂക്കൾ വിറ്റഴിക്കാനാകാതെ ഇവർക്കു വലിയ സാന്പത്തിക നഷ്ടം നേരിട്ടു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പുരയിടം ഒരുക്കി വെണ്ട, വഴുതന, വെള്ളരി, തണ്ണിമത്തൻ, വിവിധയിനം പയറുകൾ തുടങ്ങിയവ കൃഷി ചെയ്തു. കുടുംബശ്രീ വനിതകളുടെ സഹായത്തോടെ മിതമായ നിരക്കിൽ ഉത്പന്നങ്ങൾ പ്രാദേശികമായി വിറ്റഴിച്ചു.
കൃഷി വിജയമായതോടെ പൂക്കൃഷിയിലെ നഷ്ടം നികത്താനായി. സമീപത്ത് 32 സെന്റിൽ കൃഷിചെയ്ത 250 മഞ്ചേരി കുള്ളൻ ഏത്തവാഴകളിൽ ഭൂരിഭാഗവും ഇപ്പോൾ കുലകളായി. മറ്റ് ഏത്തവാഴകൾ ഏഴു മാസംകൊണ്ടു കുലയ്ക്കുമ്പോൾ മഞ്ചേരിക്കുള്ളന് അഞ്ചരമാസത്തിനകം കുലയാകും.നീർവാർച്ച കുറവുള്ള പുരയിടത്തിൽ അനുയോജ്യമായ ഈ ഇനത്തിന് ഉയരം കുറവായതിനാൽ മറിയില്ല. പത്തു മുതൽ14 കിലോവരെ തൂക്കമുള്ള കുലകൾ ലഭിക്കുമെന്ന് മനോജും സാമുവലും പറയുന്നു.
മനോജിന് മുണ്ടാർ പോത്തൻമാലിയിൽ അഞ്ചേക്കർ നെൽക്കൃഷിയുമുണ്ട്. മനസിന് സംതൃപ്തിയും ശരീരത്തിന്റെ ആരോഗ്യ സംരക്ഷണവും സാധിക്കുന്നതിനാൽ കൃഷിയിൽ തങ്ങൾ ലഹരി കണ്ടെത്തുകയാണെന്ന് ഇരുവരും സാക്ഷ്യപ്പെ ടുത്തുന്നു.