അക്ഷരനഗരിക്ക് ഇത്തവണ ഹൈടെക് ഓണം : ഓണം ഫെസ്റ്റിന് ഇന്നു തുടക്കം
1587419
Thursday, August 28, 2025 7:29 AM IST
കോട്ടയം: അക്ഷരനഗരിയായ കോട്ടയത്തിന് ഇത്തവണത്തെ ഓണം ഹൈടെക്. ഇന്നു മുതല്‍ നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്ന കോട്ടയം ഓണം ഫെസ്റ്റില്‍ കാഴ്ചകള്‍ എല്ലാം നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സഹായത്തോടെ തയാറാക്കിയിട്ടുള്ളതാണ്.
ഇന്ത്യയില്‍ ഏറ്റവും വലിയ സൂപ്പര്‍ റിയാലിറ്റി ഡോം തിയറ്റര്‍, മനുഷ്യ റോബോട്ടുകള്‍, റോബോ നായകുട്ടികള്‍, അന്യഗ്രഹ ജീവികളുടെ ലോകമായ അവതാര്‍ വേള്‍ഡ് തുടങ്ങി അനവധി മായിക കാഴ്ചകളാണ് ഓണം ഫെസ്റ്റ് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഓണം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിനോടനുബന്ധിച്ചു വ്യാപാര വാണിജ്യ മേള, വിശാലമായ ഫുഡ് കോര്‍ട്ട്, ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്ക്, നഴ്സറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വ്യാപാര മേളയില്‍ ഫര്‍ണിച്ചര്‍, കിച്ചന് ടൂള്‍സ്, ക്രോക്കറി, ബെഡ് ഷീറ്റ്, ഫാന്‍സി, കിഡ്സ് ടോയ്സ്, കോഴിക്കോടന്‍ ഹല്‍വ, പഴയകാല മിഠായി തുടങ്ങിയ സാധനങ്ങള്‍ ആദായ വിലയ്ക്ക് വാങ്ങാന്‍ കഴിയും. വിവിധയിനം തൈകളുടെയും വിത്തുകളുടെയും വില്പനയുണ്ട്.
സെപ്റ്റംബര്‍ 14വരെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10വരെയാണ് ഫെസ്റ്റ്. ടിക്കറ്റ് നിരക്ക് 100 രൂപ. അഞ്ചുവയസു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഫോൺ - 9747964954, 7306513972, 9846890290