മലയോര മേഖലയിൽ വ്യാജവാറ്റ് പെരുകുന്നു
1587176
Wednesday, August 27, 2025 11:49 PM IST
മുണ്ടക്കയം: മലയോര മേഖലയിൽ ഓണം ലക്ഷ്യമാക്കി ചാരായവാറ്റ് കേന്ദ്രങ്ങളും വ്യാജ മദ്യ നിർമാണവും പെരുകി. ഇതോടെ എക്സൈസ് വകുപ്പ് പരിശോധന ഊർജിതമാക്കി.
കോരുത്തോട്, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം അടക്കമുള്ള പഞ്ചായത്തുകളുടെ മലയോര മേഖലയിലാണ് വ്യാജമദ്യ നിർമാണം കൂടുതൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൂട്ടിക്കൽ, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലായി മൂന്ന് വലിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൂട്ടിക്കൽ, പെരുവന്താനം പഞ്ചായത്തുകളിൽനിന്നു ചാരായം നിർമിക്കാനുള്ള കോടയാണ് എക്സൈസ് പോലീസ് സംഘങ്ങൾ പിടികൂടി നശിപ്പിച്ചതെങ്കിൽ കോരുത്തോട്ടിൽനിന്നു കണ്ടെത്തിയത് കുപ്പികളിൽ നിറച്ച വ്യാജ മദ്യമാണ്.
വർഷങ്ങൾക്കു മുമ്പ് എരുമേലി എലിവാലിക്കരയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയിരുന്നു. പ്രമുഖ ബ്രാൻഡിലുള്ള മദ്യം വലിയ തോതിലാണ് അന്ന് ഇവിടെ ഉത്പാദിപ്പിച്ചു വിറ്റഴിച്ചിരുന്നത്. ഇതിനു സമാനമായ വലിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.
വന്യമൃഗശല്യം മറ
വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ തന്പടിക്കുന്നുണ്ട്. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ഏക്കറു കണക്കിനു സ്ഥലമാണ് വനാതിർത്തിയോടു ചേർന്ന് കാടുപിടിച്ചു കിടക്കുന്നത്. ഉപയോഗശൂന്യമായി കിടക്കുന്ന ഈ പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്.
നാട്ടുകാരുടെ ഇടപെടൽ കുറവാണെന്നതിനാൽ ഈ മേഖലയിലും ചാരായവാറ്റ് സംഘങ്ങളുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ഇവിടെ നടത്തിയ പരിശോധനയിൽ കോട പിടികൂടിയിരുന്നു.
ജനം ഒഴിഞ്ഞ
മേഖലയിലും
പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചനയുണ്ട്. പ്രളയത്തിൽ വലിയ ദുരിതം നേരിട്ട് ഈ മേഖലയിൽനിന്നു നിരവധി കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയിരുന്നു.
വിജനമായ ഇത്തരം സ്ഥലങ്ങൾ സാമൂഹ്യവിരുദ്ധർ കൈയേറുകയാണ്. കഴിഞ്ഞ ദിവസം എക്സൈസ് ഈ ഭാഗത്തു നടത്തിയ പരിശോധനയിൽ കോട കണ്ടെത്തി നശിപ്പിച്ചിരുന്നു.