മുളയ്ക്കാതുരുത്തി-വാലടി റോഡില്‍ ഓണക്കാലത്തെങ്കിലും ബസ് സര്‍വീസ് ആരംഭിക്കുമോ?
1586773
Tuesday, August 26, 2025 4:33 AM IST
ചങ്ങനാശേരി: തുരുത്തി-വാലടി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള ബസുകള്‍ പറാല്‍-കുമരംകരി വഴി കാവാലത്തേക്കു സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കോട്ടയം ഡിപ്പോയില്‍നിന്നുള്ള കൃഷ്ണപുരം-കാവാലം സര്‍വീസുകളെല്ലാം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
അപകടകരമാംവിധം തകര്‍ന്നുകിടന്നിരുന്ന റോഡിലെ വലിയകുഴികള്‍ അടയ്ക്കുന്ന ജോലികളിപ്പോള് ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്കൂള്‍ ബസുകളും മറ്റു ഭാരവണ്ടികളുമൊക്കെ ഇതുവഴി കടന്നുപോകുന്നുമുണ്ട്.
കോട്ടയം ഭാഗത്തേക്ക് ബസില്ലാത്തതിനാല്‍ വാലടിയില്നിന്നുവരെ ആളുകള്‍ നടന്ന് എംസി റോഡിലെ തുരുത്തിയിലെത്തി യാത്ര ചെയ്യേണ്ടി വരുന്നു. സ്ഥിരം യാത്രക്കാരുടെ ദുരിതങ്ങള്‍ ഒഴിവാക്കുന്നതിനായി കോട്ടയം ഡിപ്പോയുടെ ട്രിപ്പുകളെങ്കിലും അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിക്കാത്തവിധം ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
റോഡ് നിര്‍മാണത്തിൽ പ്രാദേശിക പ്രത്യേകതകള്‍ പരിഗണിക്കണം
തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡ് ഉള്‍പ്പെടെ കുട്ടനാടന്‍ പാടശേഖര പ്രദേശങ്ങളിലൂടെയുള്ള റോഡുകളുടെ സംരക്ഷണത്തിനു പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള ഭരണതല തീരുമാനങ്ങളും പദ്ധതികളും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നെല്‍കൃഷിയുള്ളപ്പോള്‍ മാത്രം പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തിയാല്‍ മതിയെന്നുള്ള നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ ദുരിതനിവാരണത്തിനുകൂടി പ്രയോജനപ്പെടും വിധം പരിഷ്കരിക്കണമെന്നതാണ് കുട്ടനാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം. ഇത്തരത്തില്‍ പദ്ധതി നിലവില്‍ വന്നാല്‍ വാലടി പോലുള്ള പ്രദേശങ്ങളിലെ റോഡുകളില്‍ ആവര്‍ത്തിച്ചുണ്ടാകാറുള്ള തകര്‍ച്ചയും അറ്റകുറ്റപ്പണികളും വലിയൊരു പരിധിവരെ ഒഴിവാക്കാനാകും.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നും കാവാലത്തേക്കുള്ള സര്‍വീസുകള്‍ തുരുത്തി- വാലടി വഴി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഓണനാളുകളില്‍ ചങ്ങനാശേരി മാര്‍ക്കറ്റില്‍ ഗതാഗതക്കുരുക്കിനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.