മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒന്നിനു കൊടിയേറും
1587187
Wednesday, August 27, 2025 11:49 PM IST
കോട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബര്‍ ഒന്നിന് കൊടിയേറും. 31നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുടക്കമാകും.
സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വൈദികരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ തിരിതെളിക്കും. തുടര്‍ന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇലുമിനേഷന്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും പോലീസ് കണ്ട്രോള് റൂമിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നിര്‍വഹിക്കും.
കരോട്ടെ പള്ളിയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയും കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥനയും 8.30ന് വിശുദ്ധ കുര്‍ബാനയും വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാര്‍ഥനയും രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗവും സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടുവരെ വൈകുന്നേരം ആറിന് ധ്യാനവും ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ ഒന്നിന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്ന് പുറപ്പെടും. വൈകുന്നേരം 4.30ന് ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്ക്കുശേഷം കൊടിമരം ഉയര്‍ത്തും.
കുര്യാക്കോസ് മാര്‍ ഈവാനിയോസ് സെപ്റ്റംബര്‍ രണ്ടിനും പൗലോസ് മാര്‍ ഐറേനിയോസ് സെപ്റ്റംബര്‍ മൂന്നിനും മൂന്നിന്മേല് കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിന് വൈകുന്നേരം ആറിന് നടക്കും.
സെപ്റ്റംബര്‍ നാലിന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന് ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം. സെപ്റ്റംബര്‍ അഞ്ചിന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രധാന കാര്‍മികത്വം വഹിക്കും.
സെപ്റ്റംബര്‍ ആറിന് കുര്യാക്കോസ് മാര്‍ തെയോഫിലോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ അഞ്ചിന്മേല് കുര്‍ബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരമായ റാസ. സെപ്റ്റംബര്‍ ഏഴിന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ മൂന്നിന്മേല് കുര്‍ബാനയ്ക്കു പ്രധാന കാര്‍മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്കാരത്തെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകുന്നേരം 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാര്‍ഗം കളി. രാത്രി 12ന് ശേഷം കറിനേര്‍ച്ച വിതരണം.
പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അപ്രേം മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം ജോയിന്റ് കണ്‍വീനറുമായ ഫാ. ലിറ്റു തണ്ടാശേരില്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പില്‍, ബെന്നി ടി. ചെറിയാന് താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്പോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് പാണാപറമ്പില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഡോ. ജിതിന് കുര്യന് ആന്‍ഡ്രൂസ് എന്നിവര്‍ പങ്കെടുത്തു.