വനിതാ കമ്മീഷന് അദാലത്ത്: ആറു പരാതികള്‍ തീര്‍പ്പാക്കി
1587026
Wednesday, August 27, 2025 6:36 AM IST
ചങ്ങനാശേരി: ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കൂടിവരുന്നതിന്റെ കാരണങ്ങളിലൊന്ന് മാനസീകാരോഗ്യത്തിന്റെ കുറവാണെന്നും കൗണ്‍സലിംഗിലൂടെ ഇവ മാറ്റിയെടുക്കാമെന്നും വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്. എന്നാല്‍ പലരും കൗണ്‍സലിംഗിനു തയാറാകുന്നില്ല. അതിനാല്‍ വിവാഹപൂര്‍വ കൗണ്‍സലിംഗ് അത്യന്താപേക്ഷിതമാണെന്നും വനിതാ കമ്മീഷന് അതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചങ്ങനാശേരിയില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനുശേഷം അഡ്വ. ഇന്ദിരാ രവീന്ദ്രന് പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് അകാരണമായി പിരിച്ചുവിടുന്നുവെന്ന പരാതികള്‍ ഉയരുന്നുണ്ടെന്നും ഇത്തരം പരാതികള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിയമം കൊണ്ടുവരണമെന്നും വനിതാ കമ്മീഷന് അംഗം പറഞ്ഞു.
അദാലത്തില്‍ 70 കേസുകള്‍ പരിഗണിച്ചു. ആറെണ്ണം തീര്‍പ്പാക്കി. 61 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു കേസില്‍ കമ്മീഷന് റിപ്പോര്‍ട്ട് തേടി. അഭിഭാഷകരായ സി.കെ. സുരേന്ദ്രന്, സി.എ. ജോസ്, ഷൈനി ഗോപി, കൗണ്‍സലര്‍ ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.