നാലുപങ്ക്: ആർക്കും ഇതിൽ ഒരു പങ്കുമില്ലേ?
1587041
Wednesday, August 27, 2025 6:37 AM IST
കുമരകം: ഉദ്ഘാടനം കഴിഞ്ഞ് വർഷം അഞ്ചു കഴിഞ്ഞിട്ടും പ്രവർത്തന രഹിതമായി കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ. കോടികൾ മുടക്കി നിർമിച്ച ബോട്ടു ടെർമിനലിൽ ഇതുവരെ ഒരു ഹൗസ് ബോട്ട് പോലും നങ്കൂരമിട്ടിട്ടില്ല. 50 ലക്ഷം മുടക്കി നിർമിച്ച മത്സ്യസങ്കേതം ഇല്ലാതാക്കിയാണ് ടെർമിനൽ നിർമിച്ചത്. എന്നിട്ടാണ് ദുരവസ്ഥ.
വേണ്ടത്ര പഠനമില്ലാതെ നിർമിച്ചതാണ് കുരുക്കായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ശക്തമായ കാറ്റും തിരമാലയും അടിക്കുന്ന ഭാഗത്താണ് ടെർമിനൽ. ഇവിടെ ബോട്ടുകൾക്ക് നങ്കൂരമിട്ടു കിടക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. എല്‍ രൂപത്തിലുള്ള ടെര്‍മിനലില്‍ കായലിലെ സര്‍വ മാലിന്യങ്ങളും വന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്.
പറയുന്നതല്ലാതെ
വിനോദസഞ്ചാര വകുപ്പ് കോടികള്‍ മുടക്കി നിര്‍മിച്ച ടെര്‍മിനലിന്റെ അവകാശം ഇപ്പോള്‍ കുമരകം പഞ്ചായത്തിനാണ്. നല്ല വരുമാനം ലഭിക്കത്തക്കവിധം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു പലതവണ പഞ്ചായത്തധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം, ടെര്‍മിനല്‍ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ പുതിയ ഭാഷ്യം.
ചെറുവിശ്രമകേന്ദ്രങ്ങള്, ലഘുഭക്ഷണശാല, സൂര്യാസ്തമനം ദര്‍ശിക്കാനുള്ള ക്രമീകരണം, കുട്ടികള്‍ക്ക് പാര്‍ക്ക് തുടങ്ങിയവയാണ് പദ്ധതിയിലുള്ളതെന്നു പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
സ്വകാര്യ വ്യക്തിക്കു ടെൻഡര്‍ നല്കി പാസ്മൂലം നന്ദര്ശകരെ സ്വീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അടുത്ത മാസം ടെൻഡര്‍ ക്ഷണിക്കുമെന്നാണ് വിവരം.
പുതിയ ജെട്ടി പരിഹാരം
ബോട്ട് ടെര്‍മിനലിനോടു ചേര്‍ന്നു സർവീസ് ബോട്ടുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ കഴിയുംവിധം പുതിയ ജെട്ടി സ്ഥാപിച്ചാല്‍ ജലഗതാഗതത്തിനും ടൂറിസത്തിനും ഏറെ പ്രയോജനം ലഭിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലഗതാ വകുപ്പിന്റെ കോട്ടയം-ആലപ്പുഴ സര്‍വീസ് നാലുപങ്ക് ജെട്ടിവഴിയായാല് അതു ഗുണം ചെയ്യും. ആലപ്പുഴയുമായി ഏറ്റവും അടുത്ത കുമരകത്തിന്റെ ഭാഗമാണ് നാലുപങ്ക് പള്ളിക്കായല്‍ പ്രദേശം. 13 കിലോമീറ്റര്‍ മാത്രമാണ് ദൂരം.
നെഹ്റു ട്രോഫി ജലമേള നടക്കുന്ന പുന്നമടയില്‍ എത്താന്‍ 14 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി. കൊഞ്ചുമട ബസ് സര്‍വീസ് നാലുപങ്കിലേക്കു നീട്ടിയാല്‍ ബോട്ടില്‍ വരുന്നവര്‍ക്കു കുമരകംവഴി എളുപ്പം കോട്ടയത്ത് എത്താനാകും. നിലവില്‍ കുമരകത്തുനിന്നു കരമാര്‍ഗം ആലപ്പുഴയിലെത്താന്‍ 45 കിലോമീറ്റര്‍ സഞ്ചരിക്കണം.