വ്യാജമദ്യം പിടികൂടി
1586909
Wednesday, August 27, 2025 12:34 AM IST
മുണ്ടക്കയം: ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യ വില്പന തടയുകയെന്ന ലക്ഷ്യത്തോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.കെ. അജയ്യുടെ നിർദേശാനുസരണം പ്രവർത്തിക്കുന്ന സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജമദ്യം പിടികൂടി. കോരുത്തോട് ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ മദ്യം. 36 കുപ്പികളിലായി 6.5 ലിറ്റർ വ്യാജ മദ്യമാണ് പിടികൂടിയത്. കോരുത്തോട് മേഖലയിൽ വ്യാജമദ്യ വില്പന നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സുധി കെ. സത്യപാലന്റെ നേതൃത്വത്തിലുളള സ്ക്വാഡ് ദിവസങ്ങളോളം നടത്തിയ തെരച്ചിലിലാണ് വ്യാജമദ്യകേന്ദ്രം കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ കെ.എൻ. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സനൽ മോഹൻദാസ്, കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ഷൈജു. ടി.എസ്. രതീഷ്, അതുൽ മണിയപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യം പിടികൂടിയത്.