തത്തപ്പള്ളി ക്ഷേത്രത്തില്‍ മോഷണം: പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു
1587427
Thursday, August 28, 2025 7:29 AM IST
കടുത്തുരുത്തി: തത്തപ്പള്ളി വേണുഗോപാല-അന്തിമഹാകാള ക്ഷേത്രത്തില്‍ മോഷണം. സഹശാന്തിയുടെ മൊബൈല്‍ ഫോണും 500 രൂപയും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനുള്ള പ്രസാദ സാധനങ്ങള്‍ തയാറാക്കുവാന്‍ മേല്‍ശാന്തി മുള്ളന്കുഴിമന പ്രസാദ് നമ്പൂതിരി, സഹശാന്തി ഇരുവായ്ക്കല് രാജഗോപാല്‍ നമ്പൂതിരി എന്നിവര്‍ പുലര്‍ച്ചെ ഒന്നരയോടെതന്നെ ഉണര്‍ന്നിരുന്നു.
തിടപ്പള്ളിയില്‍ പ്രസാദം തയാറാക്കിക്കൊണ്ടിരുന്നപ്പോള് ഇതുവഴി നടന്നുവന്ന ഒരു യുവാവ് തിടപ്പള്ളിയുടെ അടുത്ത മുറിയില്‍ ഇരുന്ന സഹശാന്തിയുടെ മൊബൈല്‍ ഫോണും പാത്രത്തില്‍ സൂക്ഷിച്ചിരുന്ന വഴിപാടായി ലഭിച്ച തുകയും മോഷ്ടിക്കുകയാണുണ്ടായതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
എന്തോ ശബ്ദംകേട്ടു മേല്‍ശാന്തി ഇറങ്ങിവന്നപ്പോള്‍ മോഷ്ടാവ് ഓടി മറയുകയാണുണ്ടായത്. ഓടിപ്പോകുന്ന വഴി അയയില്‍ കിടന്ന ഉടയാട എടുത്തു തലയിൽ ഇടുകയും ചെയ്തു. ശാന്തിമാര്‍ പിറകേ ചെന്നെങ്കിലും മോഷ്ടാവ് ഓടി മറഞ്ഞു.
പെട്ടിയില്‍ക്കിടന്ന ആറായിരത്തോളം വരുന്ന തുക തലേന്ന് വൈകൂന്നേരം ഇവിടെനിന്നു മാറ്റിയിരുന്നു. അതിനാല്‍ ചെറിയ തുകയും 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും മാത്രമേ നഷ്ടമായുള്ളൂ. തത്തപ്പള്ളി ക്ഷേത്രാങ്കണത്തിലും സമീപത്തുള്ള പുരയിടത്തിലും അസമയങ്ങളില്‍ ബൈക്കിലെത്തുന്ന യുവാക്കള്‍ കൂട്ടംകൂടിയിരിക്കുന്നത് പതിവാണെന്ന് ക്ഷേത്രോപദേശക ഭാരവാഹികള്‍ പറയുന്നു.
ക്ഷേത്രത്തിനു ചുറ്റുമതില്‍ പൂര്‍ണമല്ലാത്തതിനാല്‍ അസമയത്തു ക്ഷേത്രത്തില്‍ ആളുകള്‍ കടന്നുകയറുന്നതു തടയാന്‍ സാധിക്കുന്നില്ലെന്ന് ഉപദേശക സമിതി സെക്രട്ടറി സി.എന്‍. രാജീവ് പറഞ്ഞു. ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മോഷണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് അധികൃതരും ശാന്തിമാരും ക്ഷേത്രോപദേശക സമിതിയും കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.