അടിമാലി-കുമളി ദേശീയപാത അതിർത്തിനിർണയം തുടങ്ങി
1586908
Wednesday, August 27, 2025 12:34 AM IST
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള അതിർത്തിനിർണയം ആരംഭിച്ചു. 350 കോടി രൂപ ചെലവഴിച്ചുള്ള സ്ഥലമെടുപ്പ് പ്രവൃത്തികൾ 2026 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ദേശീയപാതയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വിസ്തൃതി വർധിപ്പിക്കുന്നതിനാവശ്യമായ നടപടികളാണ് ആരംഭിച്ചത്.
ദേശീയപാത 185 കടന്നുപോകുന്ന അടിമാലിയിൽ തുടങ്ങി കുമളി ചെളിമട വരെയുള്ള ഭാഗത്ത് ഇരുവശങ്ങളും വിസ്തൃതി വർധിപ്പിക്കുന്നതോടൊപ്പം പുതിയ ഘടന വരുന്നതോടെ വളവുകൾ കുറച്ച് പുതിയ പാലങ്ങൾ നിർമിക്കുന്നതുൾപ്പെടെയുള്ള ജോലികളും തടിയമ്പാട് ആരംഭിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ ടിന്റു സുഭാഷ്, ആലീസ് ജോസ്, പൊതുപ്രവർത്തകരായ എ.പി. ഉസ്മാൻ, പി.ഡി. ജോസഫ്, വിജയൻ കല്ലിങ്കൽ, ജോയി വർഗീസ്, ടെജോ കാക്കനാടൻ, ദേശീയപാതയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.