റോഡ് ആറു മാസമായി തോട്ടിൽ; ആരും തിരിഞ്ഞുനോക്കുന്നില്ല
1586898
Tuesday, August 26, 2025 11:47 PM IST
പയപ്പാർ: അന്ത്യാളം-പയപ്പാര്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് തോട്ടിലേക്കു പതിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. സംരക്ഷണഭിത്തി നിർമിക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
ബസോ മറ്റു വാഹനങ്ങളോ തോട്ടില്‍വീണ് ദുരന്തമുണ്ടാകാൻ കാത്തിരിക്കുകയാണോ അധികൃതരെന്നാണ് നാട്ടുകാരുടെ ചോദ്യം. കരൂർ പഞ്ചായത്ത് മെംബര്‍ ലിന്റണ് ജോസഫിന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡിക്കു പരാതി നല്കിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഒരു നടപടിയുമില്ല. റോഡ് ഇടിഞ്ഞ ഭാഗത്ത് മൂന്നു വീപ്പകള്‍ നിരത്തിയശേഷം കൈകഴുകിയിരിക്കുകയാണ് പിഡബ്ല്യുഡി അധികാരികള്‍.
ഇപ്പോഴും ഇടിയുന്നു
ഇപ്പോഴും ഭാരവാഹനങ്ങൾ കടന്നുപോകുമ്പോള്‍ റോഡിന്റെ വശം വീണ്ടും ഇടിയുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നുത്.
രാമപുരം റൂട്ടില്‍നിന്നു തൊടുപുഴ റൂട്ടിലേക്കുള്ള പിഡബ്ല്യുഡി റോഡാണ് അന്ത്യാളം മുതല്‍ പയപ്പാര്‍ വരെയുള്ളത്. ഈ റോഡിലെ ചൂഴിപ്പാലത്തിന്റെ താഴെഭാഗത്തായി മുപ്പത് മീറ്ററോളം നീളത്തിലാണ് റോഡ് ഇടിഞ്ഞു സമീപത്തെ തോട്ടില്‍ പതിച്ചത്.
സ്വതേ വീതി കുറഞ്ഞ ഈ വഴിയില്‍ റോഡ് ഇടിഞ്ഞതോടെ വാഹനയാത്ര അപകടഭീഷണിയിലാണ്. ഇടിഞ്ഞ റോഡിന്റെ നേരേ മറുവശം വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
മണ്ണ് കുതിർന്നു
കഴിഞ്ഞ മഴക്കാലത്ത് ഏഴാച്ചേരി വലിയതോട് കരകവിഞ്ഞപ്പോള്‍ റോഡ് ഇടിഞ്ഞ ഭാഗത്തും വെള്ളം കയറിയിരുന്നു. ഇതോടെ ഈ ഭാഗത്തെ മണ്ണ് കൂടുതല്‍ കുതിര്‍ന്ന അവസ്ഥയിലാണ്. മഴ മാറിയെങ്കിലും റോഡ് ഇടിഞ്ഞ ഭാഗം ഇപ്പോഴും അപകടഭീഷണിയിലാണ്.
ഒരു സ്വകാര്യ ബസും സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന റോഡാണിത്. ഈ ഭാഗത്തു വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കാനുള്ള ഇടമില്ല. ഏതു നിമിഷവും ഇവിടെ വാഹനങ്ങള്‍ തോട്ടിലേക്കു വീഴാം.