സപ്ലൈകോ ഓണം ഫെയറിന് തുടക്കം
1586911
Wednesday, August 27, 2025 12:34 AM IST
കോട്ടയം: നിത്യോപയോഗസാധനങ്ങള്‍ പരമാവധി വിലക്കുറവില്‍ നൽകുന്നതിനായി സപ്ലൈകോ ഓണം ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തയും ആരംഭിച്ചു.
തിരുനക്കര മൈതാനത്ത് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ നാലു വരെയാണ് ഓണം ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തയും. ജില്ലയിലെ ഒന്പതുനിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ രാത്രി ഏഴു വരെ സഞ്ചരിക്കുന്ന ഓണച്ചന്ത എത്തും. സപ്ലൈകോ ഓണം ഫെയറില്‍ സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ഇരുനൂറ്റന്‍പതിലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്കും ഓഫറുകളും വിലക്കുറവുമുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ആദ്യ വില്പന നിര്‍വഹിച്ചു. നഗരസഭാംഗം ജയമോള്‍ ജോസഫ്, ജില്ലാ സപ്ലൈകോ ഓഫീസര്‍ ബി. സജനി, സപ്ലൈകോ മേഖലാ മാനേജര്‍ ആര്. ബോബന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണച്ചന്ത ഇന്ന് എത്തിച്ചേരുന്നത്
വെട്ടത്തുകവല, കൈതേപ്പാലം: രാവിലെ 9.30 മുതല്‍ 10.45 വരെ
പയ്യപ്പാടി: രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ
തിരുവഞ്ചൂര്‍: ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.15 വരെ
യൂണിവേഴ്സിറ്റി കവല: ഉച്ചകഴിഞ്ഞ് 3.45 മുതല്‍ വൈകുന്നേരം അഞ്ചു വരെ
പ്രാവട്ടം: വൈകുന്നേരം 5.30 മുതല്‍ രാത്രി ഏഴു വരെ