പാലാ രൂപത എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലി 31 മുതല്‍
1586899
Wednesday, August 27, 2025 12:34 AM IST
പാലാ: രൂപതയുടെ എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലി 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാള്‍ മോൺ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കല്‍, മോൺ. ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ യുവജനങ്ങളുമായി സംവദിക്കും. രാഷ്ട്രീയനേതാക്കളായ ജിന്റോ ജോണ്‍, അഡ്വ. റോണി മാത്യു, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവര്‍ മാധ്യമപ്രവര്ത്തകന് ടോം കുര്യാക്കോസിനൊപ്പം പാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കും.
സഭ, സംഘടന, രാഷ്ട്രീയം, സംരംഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന അസംബ്ലിയില്‍ സഭാതലത്തിലുള്ള മറ്റു യുവജനസംഘടനാ പ്രതിനിധികളും രൂപതയിലെ വിവിധ സംഘടനാ ഡയറക്ടര്‍മാരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
ഇരുനൂറോളം യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്ന അസംബ്ലി സെപ്റ്റംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിക്കും. എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, ട്രഷറര്‍ എഡ്വിന് ജെയ്സ്, സംസ്ഥാന സിന്‍ഡിക്കറ്റംഗം മിജോ ജോയി, ഓഫീസ് സെക്രട്ടറി ഡോണ്‍ ജോസഫ് സോണി എന്നിവര്‍ നേതൃത്വം നല്‍കും.