ഫാ. തോമസ് കിഴക്കേലിന് സ്വീകരണം നല്കി
1586900
Wednesday, August 27, 2025 12:34 AM IST
പാലാ: സീറോമലബാര്‍ സഭ സോഷ്യല്‍ മിനിസ്ട്രിയുടെ 2025ലെ സ്പന്ദന്‍ അവാര്‍ഡ് ജേതാവ് പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേലിന് ഇന്നലെ പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ സ്വീകരണം നല്കി. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരും വൈദികരും സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു.
പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി നേതൃത്വം നല്കുന്ന വിവിധങ്ങളായ സുസ്ഥിര സാമൂഹ്യ നിര്‍മിതിയാണ് അവാര്‍ഡ് നിര്‍ണയത്തില്‍ മുഖ്യപരിഗണനാ വിഷയമായത്.
പാലാ സാന്തോം ഫുഡ് ഫാക്ടറി, കേരള ഗ്രോസ്റ്റോര്‍, അഗ്രിമ കാര്‍ഷിക നഴ്സറികള്‍, അഗ്രിമ ഇക്കോ ഷോപ്പുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി കാര്‍ഷികരംഗത്തെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ സഹായ പദ്ധതികള്‍, ഭവന നിര്‍മാണ സഹായങ്ങള്‍, കുടുംബോദ്ധാരണ പദ്ധതികള്‍, ജല്‍ ജീവന് മിഷന്, ജലനിധി കുടിവെള്ള പദ്ധതികള്‍, ന്യൂനപക്ഷ ക്ഷേമ വായ്പകള്‍ തുടങ്ങി സര്‍ക്കാര്‍ പദ്ധതികളും തനതു പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് പരിഗണിച്ചാണ് സീറോമലബാര്‍ സഭയുടെ സ്പന്ദന്‍ അവാര്‍ഡിന് ഫാ. തോമസ് കിഴക്കേല്‍ അര്‍ഹനായത്.