മുക്കുപണ്ടം പണയംവച്ച് 1.65 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ
1587167
Wednesday, August 27, 2025 10:56 PM IST
എരുമേലി: സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പലപ്പോഴായി പണയം വച്ച് 1.65 ലക്ഷം രൂപ തട്ടിയെടുത്തവർ ഒടുവിൽ അത് വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ട് സ്ഥാപനത്തിൽ എത്തിയപ്പോൾ കുടുങ്ങി. സ്വർണം അല്ലെന്ന് സംശയം തോന്നിയ സ്ഥാപന ഉടമ മറ്റൊരു പണയ ഇടപാട് സ്ഥാപനത്തിലെ ടെസ്റ്റിംഗ് ഉപകരണത്തിൽ പരിശോധിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. എരുമേലി ജോസ്ന ഫൈനാൻസ് സ്ഥാപനത്തിലാണ് സംഭവം.
എരുമേലി ശ്രീനിപുരം കോളനി സ്വദേശികളായ കൊച്ചുതോട്ടം ധനേഷ് (45), സുഹൃത്ത് കനകപ്പലം നിർത്തലിൽ സുരേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അഞ്ച് തവണയാണ് പണയം വച്ച് പുതുക്കിയത്. സ്വർണത്തിന് വിപണിവില കൂടുമ്പോൾ ഇവർ കൂടുതൽ തുകയ്ക്ക് പുതുക്കിവച്ച് കൂടുതൽ പണം നേടുകയായിരുന്നു. സ്വർണമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ഉപകരണം സ്ഥാപനത്തിൽ ഇല്ലായെന്ന് അറിഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പ്രതികൾ എത്തി തങ്ങൾ മുമ്പ് പണയം വച്ച മുഴുവൻ സ്വർണങ്ങളും വിലയ്ക്ക് എടുത്തു പലിശ കഴിഞ്ഞ ശേഷം ബാക്കിയുള്ള തുക നൽകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സ്ഥാപന ഉടമ വില്പന വില നിർണയിക്കാനായി അടുത്തുള്ള സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിലെ ഉപകരണത്തിൽ പരിശോധിച്ചത്. പരിശോധനയിൽ മുക്കുപണ്ടമാണെന്ന് മനസിലായി. എന്നാൽ, പ്രതികൾ ഇത് നിഷേധിച്ചു. ഒറിജിനൽ സ്വർണമാണെന്ന് ഇവർ തറപ്പിച്ചു പറഞ്ഞു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പ് സമ്മതിച്ച രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്ഐമാരായ രാജേഷ്, രവി, രാധാകൃഷ്ണപിള്ള, എഎസ്ഐ ബിജു, ഡ്രൈവർ റോബിൻ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികൾ മറ്റ് സ്ഥാപനങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സ്വർണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ ആര് നൽകിയെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.