ബിസിഎമ്മിൽ വിദ്യാർഥികളുടെ ഓണവിപണി
1587029
Wednesday, August 27, 2025 6:36 AM IST
കോട്ടയം: ഓണക്കോടി മുതല്‍ റെഡിമെയ്ഡ് പൂക്കളംവരെ. ഓണത്തിനുള്ള എല്ലാ വിഭവങ്ങളും ബിസിഎം കോളജിലെ ഓണവിപണിയില്‍ കിട്ടും. കോളജിലെ സെന്റര്‍ ഫോര്‍ വിമന്‍ എംപവര്‍മെന്റ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ ഓണവിപണി ഒരുക്കിയത്.
പായസമടക്കം ഓണസദ്യക്കുവേണ്ട എല്ലാ വിഭവങ്ങളും ഇവിടെ ന്യായവിലയ്ക്കു ലഭിക്കും. ഓണക്കോടികളുടെ വിവിധ ഡിസൈനുകളും ഫാഷനുകളുമുണ്ട്. തീര്‍ന്നില്ല, പൂക്കളം വേണമെങ്കില്‍ റെഡിമെയ്ഡ് പൂക്കളവുമുണ്ട്. ഓരോ ഡിപ്പാര്‍ട്ട്മെന്റിനും പ്രത്യേകം സ്റ്റാളുകളുണ്ട്. എല്ലാം നടത്തുന്നത് വിദ്യാര്‍ഥികള്‍തന്നെയാണ്.
കോളജിലെ ഒഴിവുസമയങ്ങളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍, എംബ്രോയിഡറി വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, വിദ്യാര്‍ഥികള്‍ വീട്ടില്നിന്നെത്തിച്ച പച്ചക്കറികള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങള്‍ അങ്ങനെ വില്പനയ്ക്കായി നിരവധി സാധനങ്ങളാണ് ഓരോ സ്റ്റാളിലുമുള്ളത്.
ഓണവിപണി മാത്രമല്ല ഓണക്കളികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണത്തിനു വേണ്ടതെല്ലാം തങ്ങളുടെ കലാലയത്തില്‍നിന്ന് ഇത്തവണ വാങ്ങാമെന്ന ആവേശത്തിലാണ് കോളജിലെ കുട്ടികള്‍. 29നാണ് കോളജില്‍ വിപുലമായ ഓണാഘോഷം.