ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സഹകരണ മേഖല മുന്നിൽ: മന്ത്രി വാസവന്
1586779
Tuesday, August 26, 2025 4:34 AM IST
കോട്ടയം: ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല മാതൃകയാണെന്ന് മന്ത്രി വി.എന്‍. വാസവന്. സംസ്ഥാന സഹകരണ ജീവനക്കാരുടെ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള സ്കോളര്‍ഷിപ്പു വിതരണവും
കുടിശിക ഒഴിവാക്കിയുള്ള അംഗത്വ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് ആര്. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കളില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉന്നതവിജയം നേടിയവര്‍ക്കാണ് കാഷ് അവാര്‍ഡും സ്കോളര്‍ഷിപ്പും നല്‍കിയത്.
പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് കുടിശിക വിഹിതം ഒഴിവാക്കി അംഗത്വമനുവദിക്കാന് ബോര്‍ഡ് ചട്ടത്തില്‍ ഇളവനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മറവന്തുരുത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ എം. അമ്പിളിക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വി.എന്‍. വാസവന് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ മക്കളുടെ തുടര്‍പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റിയംഗം കെ.എം. രാധാകൃഷ്ണന്, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം റെജി സക്കറിയ, സഹകരണവകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ ഇ. നിസാമുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.