മാവേലി ഈ വഴി എങ്ങനെ വരും ?
1587432
Thursday, August 28, 2025 7:40 AM IST
ചങ്ങനാശേരി: നാടും നഗരവും തിരുവോണത്തിമിര്പ്പിലേക്കു നീങ്ങുമ്പോള്‍ നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകര്‍ച്ചയില്‍. പല റോഡുകളും തകര്‍ന്ന് ഗട്ടറുകള്‍ രൂപപ്പെട്ട് ചെളിക്കുളമാണ്.
വാഹനങ്ങളില്‍ വന്നാല്‍ തെന്നി മറിയും. നടന്നാല്‍ കാല്‍തട്ടി വീഴും. ഭൂരിപക്ഷം റോഡുകളുടെയും അവസ്ഥ ഇതുതന്നെ. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി റോഡുകള്‍ക്ക് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നഗരഭരണാധികാരികള്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാഞ്ഞതാണ് റോഡുകളുടെ അവസ്ഥ ഇത്രയേറെ ശോചനീയമാകാന്‍ കാരണം.
നഗരസഭ അധികാരത്തില്‍വന്ന ആദ്യവര്‍ഷങ്ങളില്‍ 37 വാര്‍ഡുകള്‍ക്കും പത്തുലക്ഷം രൂപവീതം ഫണ്ട് അനുവദിച്ച് റോഡ് നിര്‍മാണം നടത്തിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫണ്ട് ഇല്ലാത്തതിന്റെ പേരില്‍ നിര്‍മാണ നടപടികള്‍ മന്ദീഭവിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വൈമനസ്യം കാട്ടിയതും ഏറ്റെടുത്ത കരാറുകാര്‍ക്ക് മഴ പ്രതിസന്ധിയായതും റോഡ് അറ്റകുറ്റപ്പണികളെ ബാധിച്ചു. പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച റോഡുകളും തകര്‍ച്ച നേരിട്ട അവസ്ഥയിലാണ്.
മതുമൂല-മോര്‍ക്കുളങ്ങര, അസംപ്ഷന്‍- എസ്ബി കോളജ് റോഡ്, പെരുന്ന മന്നംനഗര്‍, ബോട്ടുജെട്ടി-വണ്ടിപ്പേട്ട തുടങ്ങിയ തകര്‍ന്ന റോഡുകളില്‍ പ്രധാനപ്പെട്ടതാണ്.
എന്തേ വഴിവിളക്കുകള്‍ തെളിയാന്‍ ഇത്ര താമസം?
നഗരത്തിലെ 37 വാര്‍ഡുകളിലായി അയ്യായിരത്തി അറുനൂറോളം വഴിവിളക്കുകളാണുള്ളത്. ഇതില്‍ മൂവായിരത്തിലേറെ വിളക്കുകള്‍ തെളിഞ്ഞിട്ട് മാസങ്ങളേറെയായി.
ളായിക്കാട് മുതല്‍ പാലാത്രച്ചിറവരെയുള്ള എന്‍എച്ച്-183, ചങ്ങനാശേരി കുരിശുംമൂട്, മാര്‍ക്കറ്റ് റോഡ്, പെരുന്ന റെഡ്സ്ക്വയര്‍ ബൈപാസ് റോഡ് തുടങ്ങിയ റോഡുകളിലെയും ളായിക്കാട്- പാലാത്രച്ചിറ ബൈപാസിലെയും ഭൂരിപക്ഷം വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.
കഴിഞ്ഞ ക്രിസ്മസ് കാലത്തിനുശേഷം വഴിവിളക്ക് തെളിക്കുന്നതിനുള്ള നടപടികള്‍ നടന്നിട്ടില്ല. പല വഴിവിളക്കുകളുടെയും കണക്ഷനുകളും തകരാറിലാണ്. ചില വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ ജോലിക്കാരെ നിയോഗിച്ച് വഴിവിളക്കുകള്‍ തെളിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
വഴിവിളക്കുകളില്ലാത്തതുമൂലം നഗരത്തിന്റെ പലഭാഗങ്ങളിലും ഇരുട്ടാണ്. വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകള്‍ അണയ്ക്കുന്നതോടെ നഗരം കൂരിരുട്ടിലാകുകയാണ് പതിവ്.
വഴിവിളക്കുകള്‍ തെളിക്കുന്ന ചുമതല പഴയ കരാറുകാരനെ ഏല്‍പ്പിക്കാന്‍ ജൂലൈയില്‍ ചേര്‍ന്ന കൗണ്‍സില്‍യോഗം തീരുമാനിച്ചിരുന്നു. വിളക്കു കത്തിയില്ലെങ്കിലും ലക്ഷക്കണക്കിനു രൂപ നഗരസഭ വൈദ്യുതി ബോര്‍ഡിന് അടയ്ക്കേണ്ടി വരുന്നുണ്ട്.