പൊന്തൻപുഴ പട്ടയപ്രശ്നത്തിൽ സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കണം: മജുഷ് മാത്യൂസ്
1587177
Wednesday, August 27, 2025 11:49 PM IST
മണിമല: പൊന്തൻപുഴ വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ പട്ടയപ്രശ്നങ്ങളിൽ സർക്കാർ നിസംഗത തുടരാനാണ് ഭാവമെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യൂസ്. പൊന്തൻപുഴ പ്രദേശത്തെ പട്ടയപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിമല വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് ഡിജിറ്റൽ സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് പട്ടയത്തിനുള്ള അപേക്ഷകൾ കർഷകരിൽനിന്നു വാങ്ങി മാസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇതുവരെ പട്ടയം നൽകാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ കങ്ങഴ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോർജ് കൊട്ടാരം, സന്തോഷ് ചാന്നാനിക്കാട്, റോയി തങ്കച്ചൻ, ജില്ലാ ഭാരവാഹികളായ ഫിലിപ്പ് പള്ളിവാതിൽക്കൽ, ജോഷി മാത്യു, റ്റെഡി മൈക്കിൾ, പൂഞ്ഞാർ മാത്യു, ജോൺസൺ മുണ്ടക്കയം, റെജികുമാർ അമ്പലത്തിനാംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.