വൈക്കം-വെച്ചൂർ റോഡ് ഭൂമി ഏറ്റെടുക്കൽ: ഗസറ്റ് വിജ്ഞാപനമായി
1587021
Wednesday, August 27, 2025 6:36 AM IST
വൈക്കം: കിഫ്ബിയുടെ 157 കോടിരൂപ ധനസഹായത്തോടെ നിർമിക്കുന്ന വൈക്കം - വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളുടെ അവസാന നടപടിക്രമങ്ങളുടെ ഭാഗമായുള്ള കെഎൽഎ ആർആർ ആക്ട് 2013 പ്രകാരമുള്ള 19(1) നോട്ടിഫിക്കേഷൻ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ഗസറ്റ് നോട്ടിഫിക്കേഷൻ തീയതി മുതൽ 30 ദിവസത്തെ നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരിൽകേട്ട് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനുശേഷം ഭൂമിവില കൈമാറാനാകുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു.
ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി 85.77 കോടി രൂപ കിഫ്ബിയിൽനിന്നു കെആർഎഫ്ബി വഴി ഭൂമി ഏറ്റെടുക്കൽ സ്പെഷൽ തഹസിൽദാർക്ക് കൈമാറി. ഭൂമി ഏറ്റെടുത്ത് സമയബന്ധിതമായി റോഡ് നിർമാണം ആരംഭിക്കാനാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് എംഎൽഎ പറഞ്ഞു.