ടേക്ക് എ ബ്രേക്ക് ഇപ്പോൾ ബ്രേക്ക് മാത്രം!
1587180
Wednesday, August 27, 2025 11:49 PM IST
പാലാ: ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന പാതയോരത്ത് പഞ്ചായത്ത് പണിത ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം വെറുതെകിടന്നു നശിക്കുന്നു.
2022ൽ 30 ലക്ഷം മുടക്കി കരൂർ പഞ്ചായത്ത് പണിത കേന്ദ്രമാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുത്തിരിക്കുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായിട്ടായിരുന്നു നിർമാണം.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇത്രയും സ്ഥലസൗകര്യമുള്ള ടേക്ക് എ ബ്രക്ക് സ്ഥാപനം വേറെയില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും വിശ്രമിക്കാനും ആവശ്യത്തിനു സ്ഥലസൗകര്യമുണ്ടായിരുന്നു. എന്നാല്‍, പ്രവർത്തനം നിലച്ച് ഉപേക്ഷിക്കപ്പെട്ടതോടെ കെട്ടിടം മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി. ഇതു നാട്ടുകാര്‍ക്കും ശല്യമായി മാറിയിട്ടുണ്ട്. മദ്യക്കുപ്പികള്‍ നിറഞ്ഞ നിലയിലാണ് കെട്ടിടവും പരിസരപ്രദേശവും.
ഉപകരണങ്ങളും
നശിക്കുന്നു
സംസ്ഥാന പാതയിലൂടെ വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാതെ വിഷമിക്കുമ്പോഴാണ് ഈ കെട്ടിടം നോക്കുകുത്തിയാകുന്നത്. കെട്ടിടം നിര്‍മിച്ചതിനു ശേഷം ഏതാനും മാസം സ്വകാര്യ വ്യക്തി ഏറ്റെടുത്തു നടത്തിയിരുന്നു. എന്നാല്‍, പിന്നീട് പ്രവർത്തനം നിർത്തി. അതിനു ശേഷം മറ്റു കരാറുകാര്‍ക്കു നല്കാൻ പഞ്ചായത്ത് നടപടിയെടുത്തില്ല. കെട്ടിടം വെറുതെ കിടന്നു നശിക്കുന്ന സാഹചര്യമാണുള്ളത്. പൊതുപ്രവര്‍ത്തകര്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങളും നശിക്കുകയാണ്.
ഇപ്പ ശരിയാക്കാം!
സ്വകാര്യ കരാറുകാര്‍ക്കു പകരം കുടുംബശ്രീയെ സ്ഥാപനം എല്‍പ്പിക്കാനുള്ള നടപടി തുടങ്ങിയെന്നാണ് പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുന്നത്. ചില സാങ്കേതിക നടപടികള്‍ കാരണം താമസിക്കുകയാണത്രേ. കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കിയാല്‍ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിനാളുകള്‍ക്കു പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.