കടുത്തുരുത്തി-പിറവം റോഡിൽ കൈലാസപുരത്ത് കലുങ്ക് നിര്‍മാണം ആരംഭിച്ചു
1587426
Thursday, August 28, 2025 7:29 AM IST
കടുത്തുരുത്തി: മഴക്കാലത്ത് വെള്ളക്കെട്ട് പ്രശ്നം മൂലം സ്ഥിരമായി യാത്രാദുരിതം അനുഭവിക്കുന്ന കടുത്തുരുത്തി-പിറവം റോഡിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി കൈലാസപുരം ക്ഷേത്രത്തിനു സമീപത്ത് കലുങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
കൈലാസപുരം ക്ഷേത്രഭാഗത്ത് വെള്ളക്കെട്ടു മൂലം സ്ഥിരമായി യാത്രാക്ലേശം നേരിടുന്ന പ്രതിസന്ധിക്ക് പുതിയ കലുങ്ക് നിര്‍മാണത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്. കടുത്തുരുത്തി - പിറവം റോഡില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ ത്വരിതപ്പെടുത്തും. റോഡ് നിര്‍മാണ സാധനസാമഗ്രികളുടെ ലഭ്യതക്കുറവ് ഇപ്പോള്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ പരിഹരിച്ച് അടുത്തഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബലവത്തായി നടപ്പാക്കുന്നതിനും പൊടിശല്യം ഒഴിവാക്കുന്നതിനും ഉപകരിക്കുന്ന വിധത്തില്‍ വരുംദിവസങ്ങളില്‍ റോഡ് വികസന ജോലികള്‍ നടപ്പാക്കും.
കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.