എംഡിഎംഎയുമായി യുവാവ് പിടിയിൽ
1587425
Thursday, August 28, 2025 7:29 AM IST
വൈക്കം: വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാർ കൊച്ചുകണിയാംതറ വിഷ്ണുവി.ഗോപാലി (32) നെയാണ് 34.28 ഗ്രാം എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാറിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ചുവച്ചനിലയിലാണ് നിരോധിത ലഹരിവസ്തുവായ എംഡിഎംഎ കണ്ടെടുത്തത്.
ഇയാളുടെ പക്കൽനിന്ന് എംഡിഎംഎ നിശ്ചിത അളവിൽ തൂക്കുന്നതിനുള്ള കാൽക്കുലേറ്ററിന്റെ വലിപ്പമുള്ള ഡിജിറ്റൽ ത്രാസ്, ലഹരിവസ്തു നിറയ്ക്കാനുള്ള ചെറിയ പ്ലാസ്റ്റിക് കവർ, ലഹരിവസ്തു വലിക്കുന്നതിനുള്ള വസ്തുവടക്കം പോലീസ് വീട്ടിൽനിന്നു പിടികൂടി.
ബംഗളൂരുവിൽ തങ്ങുന്ന ഇയാൾ ഇന്നലെ നാട്ടിലെത്തുമെന്നും വിൽപ്പനക്കായിലഹരിവസ്തുക്കൾ കൊണ്ടുവരുമെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇയാളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുകണ്ടെത്തിയത്.
ബംഗളൂരുവിൽനിന്ന് വിൽപനയ്ക്കായാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞു. 2023ൽ അരലിറ്റർ ഹാഷിഷ് ഓയിൽ കൈവശം വച്ചതുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ ദേവനഹള്ളി പോലീസ് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 2024ൽ ഇയാളെ എംഡിഎംഎയുമായി വൈക്കം എക്സൈസും പിടികൂടിയിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡി വൈ എസ്പി പി.ബി. വിജയന്റെ നിർദേശപ്രകാരം വൈക്കം എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിൽ ജൂണിയർ എസ്ഐ ജി. വിഷ്ണു, എഎസ്ഐ പ്രീതിജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയശങ്കർ, ജോസ് മോൻ, ഷാമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, രതീഷ്,
വനിതാ സിവിൽ പോലീസ് ഓഫീസർ നെയ്തിൽ ജ്യോതി എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.