പെരുന്തേനീച്ചപ്പട തോറ്റോടും ജോഷിയുടെ പച്ചമരുന്നില്‍
1587188
Wednesday, August 27, 2025 11:49 PM IST
കോട്ടയം: അപകടകാരിയായ പെരുന്തേനീച്ചക്കൂട്ടമുണ്ടോ, പേടിക്കേണ്ട ജോഷിയെ വിളിക്കാം. പൂഞ്ഞാറില്‍നിന്നു ജോഷി പാഞ്ഞെത്തിയാല്‍ പെരുന്തേനീച്ചകള്‍ പറന്നകലും. പാലാ കുരിശുപള്ളിയുടെ മുകളിലും അരുവിത്തുറ പള്ളിയിലെ സെന്റ് ജോര്‍ജിന്റെ രൂപത്തിനു സമീപവും കുറവിലങ്ങാട് സയന്‍സ് സിറ്റി കെട്ടിടത്തിന്റെ മുകളിലും മാത്രമല്ല പെരുമരങ്ങള്ക്കു മുകളിലും കൈപ്പൊക്കത്തിലുമൊക്കെ കൂടുകൂട്ടിയ തേനീച്ചക്കൂട്ടത്തെയാണ് പൂഞ്ഞാര്‍ പനച്ചിപ്പാറ മൂഴിയാങ്കല്‍ ജോഷി ജോര്‍ജ് നൊടിയിടയില്‍ തുരത്തിയത്. ഏറ്റവും ഒടുവില്‍ ചൂണ്ടച്ചേരി കോളജില്‍ ഓണാഘോഷത്തിനിടെ ഇളകിയെത്തിയ തേനീച്ചക്കൂട്ടത്തെയും ളാക്കാട്ടൂര്‍ എന്‍എസ്എസ് സ്കൂളിലെ തേനീച്ചകളെയും ജോഷി പറപ്പിച്ചു.
ജോഷിക്ക് കോളജ് വിദ്യാഭ്യാസ കാലത്ത് വീട്ടില്‍ വന്‍തേനീച്ച വളര്‍ത്തലുണ്ടായിരുന്നു. പാലക്കാട് അട്ടപ്പാടിയിലെ സ്ഥലത്തെ കൃഷികാര്യങ്ങള്‍ നോക്കാന്‍ പോയ സമയത്ത് അവിടത്തെ ആദിവാസികളില്‍നിന്നാണ് പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തുന്നതിനുള്ള രീതി മനസിലാക്കിയത്. കിട്ടിയ അറിവ് നാട്ടില്‍ പരീക്ഷിച്ചപ്പോള്‍ വിജയം. അതോടെ പെരുന്തേനീച്ച കൂടുവച്ചിരിക്കുന്നിടത്തൊക്കെനിന്നും ജോഷിക്ക് വിളിയെത്തി.
എട്ടു കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാകുന്ന മരുന്ന് പുകച്ചാണ് തേനീച്ചകളെ തുരത്തുന്നത്. ആദ്യം അടുത്തെത്തി അക്രമകാരികളാണോ ശാന്തരാണോ എന്ന് നിരീക്ഷിക്കും. ഇതിനനുസരിച്ചാണ് മരുന്നു പ്രയോഗം. ചൂട്ടില്‍ ചകിരി വച്ച് അതിലാണ് മരുന്ന് വയ്ക്കുന്നത്. മരുന്നില്വച്ച് ഉണക്കിയെടുത്ത ചകിരിയാണ് ഉപയോഗിക്കുന്നത്.
പുക എത്തുമ്പോള്‍ ശേഷിയും ഓര്‍മയും നഷ്ടപ്പെട്ട തേനീച്ചകള്‍ പറന്നകലും. മരുന്നിന്റെ കൂട്ട് ജോഷിയുടെ രഹസ്യമാണ്. ഉയരമുള്ള സ്ഥലങ്ങളിലാണെങ്കില്‍ കൈവശമുള്ള 18 അടി ഉയരമുള്ള തോട്ടി ഉപയോഗിക്കും. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ജെസിബി, ക്രെയിന്‍ എന്നിവയില്‍ തോട്ടി കെട്ടിയും മരുന്ന് പുകയ്ക്കും.
ആരു വിളിച്ചാലും അവിടെയെത്തി ഈച്ചയെ തുരത്തും. പെട്രോള്‍ കൂലി ഉള്‍പ്പെടെയുളള ചെറിയ ഫീസ് വാങ്ങും. പെരുന്തേനീച്ചയെ മാത്രമല്ല കടന്നലിനെയും മരുന്നില്‍ പുകച്ചു തുരത്തും. വനം വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ലൈസന്‍സും ജോഷിക്കുണ്ട്. 2010-15 കാലഘട്ടത്തില്‍ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനുമാണ്.
പെരുന്തേനീച്ചയില്നിന്ന് നാട്ടുകാരെ രക്ഷിക്കുന്ന ജോഷിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജീവന് രക്ഷാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റു കൂടിയായ ജോഷിക്ക് ഭാര്യയും മൂന്നു മക്കളുമാണുള്ളത്.